EID..MUBAARAK... EID..MUBAARAKM . . . . . . . .ഈദ്‌ മുബാറക്ക്‌ ......ഈദ്‌ മുബാറക്ക്‌ . . EID..MUBAARAK.... EID..MUBAARAK...

2009, ഓഗസ്റ്റ് 24, തിങ്കളാഴ്‌ച

സ്വൊയം സേവകര്‍ക്ക് ഇനിമേല്‍ നിക്കര്‍ വേണ്ട ...!



രാഷ്ട്രീയ സ്വൊയം സേവകര്‍ ( R.S.S.) എന്ന് പറഞ്ഞാല്‍ പെട്ടെന്ന് നമ്മുടെ മനസ്സിലേക്കോടിയെത്തുന്ന ചിത്രമെന്താ ...?.....കാല്‍ മുട്ടില്‍ നിന്ന് ഏഴെട്ടു സെന്റീ മീറ്റര്‍ മുകളില്‍ വരെയെത്തുന്ന കാക്കി നിക്കര്‍ , രണ്ടു പോക്കറ്റുകളും കോണാകൃതിയിലുള്ള അടപ്പുകള്‍ വച്ച് ഭദ്രമാക്കിയ വെള്ള ഷര്‍ട്ട്‌ , പണ്ട് സീതി സാഹിബിന്റെ തലയില് വച്ചിരുന്നത് പോലുള്ള ‍കറുത്ത തൊപ്പി , നെറ്റിയിലൊരു നീളന്‍ കുങ്കുമ പൊട്ട്‌ , കാല്‍ ശരായി, ബൂട്സ് ഇത്യാതി ഭൂഷണങ്ങലോട് കൂടി , ഏതാണ്ട് ആറടിയോളം നീളം വരുന്ന ഒരു കുറുവടിയും തോളില്‍ ചുമന്നു നില്‍ക്കുന്ന ഒരു രൂപം .എന്നാല്‍ ഈ ചിത്രത്തിന് കൂടുതല്‍ അഴകും മിഴിവും നല്‍കുന്നത് ഇതില്‍ ആ വെള്ള ഷര്‍ടോ കറുത്ത തൊപ്പിയോ കുങ്കുമ പൊട്ടോ ഒന്നുമല്ല , ആ നിക്കര്‍ തന്നെയാണ് . ധാരാളം ഞോറികളുള്ള , ബെല്‍റ്റ്‌ ഘടിപ്പിക്കാന്‍ വീതിയുള്ള പട്ടകളുള്ള , ചെറിയൊരു വെള്ളപൊക്കത്തിലോന്നും നനയാത്ത തരത്തില്‍ സുരക്ഷിത മായ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ആ കാക്കി നിക്കര്‍ . അക്കാര്യത്തില്‍ അങ്ങ് ധര്‍മ്മടത്തോ , തലശേരിയിലോ ഉള്ള പാര്ടീ ഗ്രാമങ്ങളില്‍ നിന്നു വരുന്ന മാര്‍ക്സിസ്റ്റ്‌കാര്‍ക്ക് പോലും വലിയ തര്‍ക്കമുണ്ടാവാന്‍ വഴിയില്ല .

എന്താ ഈ നിക്കരിനെ പറ്റി ഇപ്പൊ ഇത്ര കിന്നാരം പറയാന്‍ , എന്നല്ലേ ചോദിക്കാന്‍ വരുന്നത് ? വരട്ടെ ചോദിക്കാന്‍ വരട്ടെ . കാരണമുണ്ട് ...തക്കതായ കാരണമുണ്ട് . കാരണം മറ്റൊന്നുമല്ല , എന്പത്തഞ്ചു വര്‍ഷത്തോളം -അതായത് ഈ നാട് രാമാരാജ്യ മാക്കാന്‍ വേണ്ടി ചെട്ടന്മാരെല്ലാവരും കൂടി ഈ സ്വൊയം സേവാ സംഘും രൂപീകരിച്ചു ഹിന്ദുത്വം എന്ന പോതിക്കാ തേങ്ങയുമായി ഇറങ്ങി തിരിച്ച അന്ന് മുതല്‍ പഴക്കമുള്ള അവരുടെ ആ കാക്കി നിക്കര്‍ ... .ആ നിക്കര്‍ അവര്‍ ഉപേഷിക്കുന്നു..!..അത്ര തന്നെ ...!

നൈനിത്താളില്‍ വച്ച് നടന്ന സമ്മേളനത്തിലാണ് - സമ്മേളനം എന്ന് പറഞ്ഞതില്‍ ക്ഷമിക്കണം "ബൈoക്ക് " . ങാ ..അതില്‍ വച്ച് അങ്ങനെ ഒരു കടുത്ത തീരുമാന മുണ്ടായതായാണ് ചില രഹസ്യ കേന്ദ്രങ്ങളില്‍ നിന്ന് കിട്ടിയിട്ടുള്ള അറിവ് . അതിനു മുമ്പ് മംഗലാപുരത്ത്‌ നടന്ന ശാരീരിക പരിശീലകന്‍ മാരുടെ ( പേര് കേട്ട് പേടിക്കണ്ട ..ഈ പിള്ളേരെ കബഡികളി പഠിപ്പിക്കുന്ന വിദ്വാന്‍ മാരാപ്പ ..! ) ബൈട്ടക്കില്‍ വച്ച് അവരുടെ ഒരു വലിയ കാര്യവാഹായ ഭയ്യാജി ജോഷി "കാലകരണ പെട്ടതെല്ലാം മാറ്റണം " എന്ന് സൂചിപ്പിച്ചിരുന്നു . എന്നാല്‍ അന്ന് കാലകരണ പെട്ടതെല്ലാം മാറ്റണമെന്ന ഭയ്യാജിയുടെ കര്‍പ്പൂരവാണി കേട്ടപ്പോള്‍ ‍ നാടിലെ ഒരുവിധപ്പെട്ട രാഷ്ട്രീയ നിരീഷണ കുതുകികളും മറ്റു മണ്ട് കൂഷ്മാണ്ടങ്ങളും കര്‍മ്മചന്ടാലന്മാരും കൊസ്രാകൊള്ളികളും മൊക്കെ എന്താ കരുതിയെ - ഇത് അദ്വാനി , സുധര്‍ശനന്‍ , മുരലീമാനോഹാര്‍ ജോഷി തുടങ്ങിയ R.S.S ലും B.J.P. ലും ഉള്ള പ്രായാധിക്യം വന്നു പുര നിറഞ്ഞു നില്‍ക്കുന്ന കാരണവന്‍ മാരെ ഒതുക്കാന്‍ ഉദ്ദേശിച്ചുള്ള ഒരാചാരവെടി എന്നല്ലേ . സംഗതി അതല്ലാന്നു ഇപ്പോ പിടികിട്ടിയില്ലേ !.

കര്‍ണ്ണന് കവചകുണ്ടാലങ്ങള്‍ പോലെ , ശ്രീ കൃഷ്ണന് സുദര്‍ശന ചക്രം പോലെ , അചുതാനന്തനു ആദര്‍ശം പോലെ, മന്‍മോഹന്‍ സിംഗ് ന് തലയില്‍ കെട്ടു പോലെ - സ്വോയം സേവകര്‍ക്ക് ചകചകായമാന അലന്കാരമായിരുന്ന ആ നിക്കര്‍ മാറ്റാന്‍ എന്താ പെട്ടെന്ന് ഒരു തീരുമാനം ?. പത്തു എന്പത്തഞ്ചു വര്‍ഷം നിരന്തരമായി ഉപഗിച്ചാല്‍ എന്ത് സാധനമായാലും ചീഞ്ഞു നാറും . എന്നാല്‍ ഇത് ഉപയോഗിച്ച് ഉപയോഗിച്ച് ചീഞ്ഞു നാറീട്ട് മാറ്റുന്നതാനെന്നു തെറ്റി ധരിക്കണ്ട . ഒരുവിധപ്പെട്ട നാറ്റത്തിലോന്നും വീണ് പോകുന്നവരല്ല നമ്മള്‍ സോയം സേവകര് . പിന്നെ എങ്ങുമെങ്ങും എത്താത്ത ഈ നിക്കറു മിട്ട് സന്ധ്യാ നേരത്ത് നടത്തുന്ന പാദഹസ്താസനം , വ്യാഘ്രാസനം, ശീര്‍ഷാസനം തുടങ്ങിയ ചേട്ടന്മാരുടെ ചില കിണ്ണന്‍ ആസനങ്ങള്‍ കണ്ടു പേടിച്ചു , അമ്പലങ്ങളിലെക്കുള്ള തരുണീമണികലുടെ നടവരവ് കുറഞ്ഞത് കൊണ്ടാണോ ? അതും അല്ല . അപ്പോള്‍ പിന്നെ എന്താ കാരണം ? കാരണം ... ഈ ആഗോളവല്‍ക്കരണം , ഉദാരവല്‍ക്കരണം തുടങ്ങിയ സംഗതികളില്ലേ ? അതുതന്നെ ...! ഈ ആഗോളവല്‍ക്കരണവും ഉദാരവല്‍ക്കരനവുംമൊക്കെ വന്നതിനു ശേഷം ഈ നാടങ്ങ്‌ മാറിപ്പോയില്ലായോ...!. ഇവിടെയുള്ള ചെറുപ്പക്കാരെല്ലാം അങ്ങ് പച്ച പരിഷ്കാരികലായില്ലായോ....! ഇപ്പോഴവര്‍ക്ക് പഴയതൊന്നും അത്രയ്ക്ക് പിടിക്കുന്നില്ല . നിക്കര്‍ പോയിട്ട് മുണ്ടും ഷര്‍ട്ടും ധരിച്ചു നടക്കുന്നത് പോലും അവര് ‍ എന്തോ വലിയ അപമാനം പോലെയല്ലേ ധരിച്ചു വശായിരിക്കണേ . ഈ അച്ചുതാനന്തന്‍ ഗ്രൂപ്കാരനല്ലാന്നു പറയുമ്പോഴുള്ള ഒരപമാനമില്ലേ ? അതുമാതിരി . എന്ത് ചെയ്യാം ഇതുങ്ങളെയൊക്കെ ശാഖ യില്‍ കൊണ്ടുവന്നു ആ പിത്തം കയറിയ ശരീരമൊക്കെ ഒന്ന് പുഷ്ടിപ്പെടുത്തിയെടുത്തില്ല എങ്കില്‍ ഇവിടെയെങ്ങനെ ഹിന്ദുരാഷ്ട്ര നിര്‍മ്മിതി സാധ്യമാകും ? അതിനു തല്‍ക്കാലം ‍ ആ നിക്കര്‍ മാറ്റുക തന്നെ ! അല്ലാതെന്താ ഇപ്പൊ ചെയ്കാ ?

ശ്ശെ... ഈ ചേട്ടന്‍ മാര്‍ നിക്കറില്ലാതെ നില്‍ക്കുന്നത് കാണാന്‍ ഒരു സുഖവും ഉണ്ടാവില്ല ! നിക്കര്‍ഉം മിട്ടു നില്‍ക്കുന്നത് കാണാനായിരുന്നു ഒരു ഉശിര് . ഒരു എരിവും പുളിയും . ലങ്കാ ദഹനവും കഴിഞ്ഞു സീതയേയും കണ്ടു സ്ലോമോഷനില്‍ വന്നിറങ്ങുന്ന ഹനുമാനെ കാണുമ്പോള്‍ ഉണ്ടാകുന്ന ഒരു ത്രില്ലില്ലേ അതുപോലൊരു ത്രില്ലാ നിക്കരുമിട്ടു നില്‍ക്കുന്ന ചേട്ടന്മാരെ കണ്ടാല്‍ . ഏത് കൊടി കെട്ടിയ മാര്‍ക്സിസ്റ്റ്‌ കാരനും ഒരു ഉള്‍ക്കിടിലമൊക്കെ ഉണ്ടാകുമായിരുന്നു നിക്കര്‍ ധാരികളായ സ്വോയം സേവകരെ കാണുമ്പോള്‍ ..

പണ്ട് നമ്മുടെ കേരളാ പോലീസിനും ഇതുപോലത്തെ നിക്കര്‍ ആയിരുന്നു .പഴയ സിനിമയിലോക്കെ കാണാറില്ലേ രണ്ടു കാലും മുന്നിലേക്ക് തള്ളി നില്‍ക്കുന്ന ഇറക്കം കുറഞ്ഞ നിക്കറും തലയില്‍ കിരീടം മാതിരിയുള്ള തൊപ്പിയും വച്ച് നില്‍ക്കുന്ന അന്നത്തെ പോലിസിനെ . ആലോചിക്കുമ്പോള്‍ തന്നെ ശരീരത്തില്‍ രോമങ്ങള്‍ എഴുന്നേറ്റ് നിന്ന് സല്യൂട്ട് ചെയ്യും . അത്രയ്ക്ക് ഉശിരന്‍ പോലീസ് . അതൊരു ഒന്നൊന്നര പോലീസ് തന്നെയായിരുന്നു !.. കാക്കി പാന്റും ഷര്‍ട്ടും ഇട്ടു നില്‍ക്കുന്ന ഇന്നത്തെ പോലീസിനെ എന്തിനു കൊള്ളാം ? തോപ്പിയോന്നു മില്ലാതെ റോഡിലിറങ്ങി നിന്നാല്‍ വല്ല ഓട്ടോറിക്ഷാ ഡ്രൈവറും ആണെന്നെ കാണുന്നവര്‍ക്ക് തോന്നൂ . അന്നൊക്കെ വികൃതി കുട്ടികളെ പേടിപ്പിക്കാന്‍ അമ്മമാര്‍ പറഞ്ഞിരുന്നത് "ദേ...പോലീസ് വരുന്നു .." എന്നാണു . ഇന്നാണെങ്കില്‍ അത് കേട്ട് ഏതെങ്കിലും ഒരു കുട്ടി പേടിക്കുമോ ? ആ വയലാര്‍ രവി ആഭ്യന്തര മന്തിയായിരുന്നപോഴല്ലേ പോലിസിനെ ഈ കോലത്തിലാക്കിയത് . ലളിതമായി പറഞ്ഞാല്‍ അത് പോലീസിനോട് കാട്ടിയ ഒത്തിരി വലിയ ഒരു ക്രൂരത തന്നെ ആയിപ്പോയി .

സ്വോയം സേവകര്‍ നിക്കര്‍ ഉപേക്ഷിക്കുന്നു എന്ന് കരുതി ഇനിമേല്‍ റോഡേ ഒന്നും ധരിക്കാതെ തേരാ പാരാ നടക്കും എന്നൊന്നും ആരും കരുതണ്ട , ഇനിമുതല്‍ അവര്‍ അടിപൊളി ട്രാക്ക് സ്യൂട്ടാ ധരിക്കാന്‍ പോകുന്നത് . നമ്മുടെ പി ടി ഉഷയും ഷയിനി വില്‍സണും മൊക്കെ ഇട്ടു നടക്കുന്നില്ലേ അതുപോലെ യുള്ള സാധനം . സംഗതി ഇപ്പൊ പ്രശ്നം അതല്ല , ഈ ട്രാക്ക് സ്വ്യൂട്ടും ധരിച്ചു നില്‍ക്കുന്ന ചേട്ടന്‍ മാരെ കാണാന്‍ പഴയ പവറൊന്നും കാണില്ല എന്നതാണ് . ട്രാക്ക് സ്യൂട്ടിട്ട് ബാറ്റും പിടിച്ചു നില്‍ക്കുന്ന സച്ചിന്‍ ടെന്‍ണ്ടുല്‍ക്കറെ കണ്ടാല്‍ ആര്‍ക്കെങ്കിലും പേടി തോന്നുമോ ? പിടിച്ചൊരു ഉമ്മ കൊടുക്കാനല്ലേ തോന്നുക .! അത് പോലയാ ഇനി ഈ സ്വോയം സേവകരുടെ കാര്യവും . ട്രാക്ക് സ്വ്യൂട്ടും ധരിച്ചു കുറുവടി അല്ല സാക്ഷാല്‍ AK 47 തന്നെ പിടിച്ചു നിന്നാലും ഇവരെ കണ്ടു ഒരു പട്ടി പോലും പേടിക്കില്ല

ഹൊ .. നമ്മള്‍ സ്വോപ്നം കണ്ട ആ രാമരാജ്യത്തിലും ഹിന്ദു രാഷ്ട്രത്തില് മൊക്കെ എത്തി ചേരാന്‍ ഇനിയും എന്തെല്ലാം കടമ്പകള്‍ കടക്കണം . പണ്ട് , പണ്ടെന്നു പറഞ്ഞാല്‍ 1925 ഇല്‍ - അതായത് നീല്‍ ആംസ്ട്രോങ്ങ്‌ ചന്ദ്രനില്‍ ഇറങ്ങുന്നതിനു കൃത്യം 44 വര്ഷം മുന്‍പ് നാഗ്പൂരില്‍ വിനായക ദാമോദര്‍ സവര്‍ക്കര്‍ എന്ന അക്കാലത്തെ ഒരു കൊടികെട്ടിയ ഇഞ്ചിനീയര്‍ വരച്ച പ്ലാന്‍ വച്ച് അന്നത്തെ രാജ്യത്തെ പ്രധാനപ്പെട്ട കൊല്ലന്മാരില്‍ ഒരാളായ കേസവ ബലിരാം ഹെഡ്‌ഗേവാര്‍ ഹിന്ദുത്വം എന്ന ഉലയിലിട്ടു ഊതി പഴുപ്പിച്ചു അടിച്ചു പരത്തി രൂപപ്പെടുത്തി എടുത്തതാണ് രാഷ്ട്രീയ സ്വോയം സേവ സംഘം എന്ന ഈ പുപ്പുലി പ്രസ്ഥാനം . ഹിന്ദുക്കളുടെ ഉള്ളില്‍ കൂര്‍ക്കം വലിച്ചു ഉറങ്ങിക്കിടക്കുന്ന വംശീയ ബോധം എന്ന സിംഹത്തെ നല്ല ചുള്ളി കമ്പിന് അടികൊടുത്തു ഉണര്‍ത്തി , ശത്രുക്കളെ നിലം പരിശാക്കി ഈ നാടൊരു സമ്പൂര്‍ണ ഹിന്ദു രാഷ്ട്രമാക്കുക . അതായിരുന്നു , RSS പിറന്നു വീഴുംപോഴെയുള്ള ലക്ഷ്യമത്രെ ..! ശത്രുക്കളെ അതിന്റെ മുറയ്ക്ക് തന്നെ രേഖപ്പെടുത്തിയും വച്ചു ‍ - മുസ്ലീങ്ങള്‍ ,കമ്മ്യൂണിസ്റ്റ്‌കള്‍ , ക്രിസ്ത്യാനികള്‍ . ‍അവരാണ് ഈ നാടിന്റെ ധര്‍മ സംസ്ഥാപനത്തിന് വിഘ്നം നില്‍ക്കുന്ന കാളികൂളികള്‍ . ചണ്ടിപണ്ടാരങ്ങള്‍. എന്ത് പറയാന്‍ ..ശത്രുക്കള്‍ ഇപ്പോഴും പന പോലെ മുന്നില്‍ നില്‍ക്കുന്നു. ലക്ഷ്യത്തിലെത്താന്‍ ഇനിയും വളരെ ഏറെ കാതം മുന്നോട്ട് പോകാനുണ്ട് . അതിനു ഈ നിക്കര്‍ പോര . ശാഖകളില്‍ അംഗസംഖ്യ കുറയുന്നു .നിക്കര്‍ ‍ ഉപേക്ഷിച്ചു പകരം സംവിധാനം ഉണ്ടാക്കണം .

ഏതാണ്ട് 84 വര്‍ഷത്തോളമായി സ്വോയം സേവകര്‍ നിക്കറിടുന്നു . ഈ കാലയളവിനുള്ളില്‍ ഗംഗയെത്ര കരകവിഞ്ഞ് ഒഴുകി .., പഞ്ചാബിലെ ഗോതമ്പ് പാടങ്ങളില്‍ എത്ര വട്ടം വിളവെടുത്തു , ഇംഗ്ലീഷ് കാര്‍ ഇന്ത്യവിട്ടു പോയി , നെഹ്രുവും ശാസ്ത്രിയും ഇന്ദിരയും എന്തിനു വാജ്പേയി വരെ പ്രധാനമന്ത്രിമാരായി , ഐശ്വര്യറായിയും സുസ്മിതാസെന്നും മൊക്കെ സുന്ദരിമാരായി . എന്നിട്ട് സ്വോയം സേവകര്‍ ഈ നാ ട്ടില്‍ എന്ത് കുന്ത്രാണ്ടമാണ് ചെയ്തു കൂട്ടിയത് എന്ന സംശയവും തലയിലിട്ടു പുകച്ചു കൊണ്ട് നടക്കുന്ന കുറച്ചു പേരുണ്ട് . കെടുമ്പ് കിണ്ടപ്പന്മാര്‍ ..! അവരോടിപ്പം എന്താ പറയുക . അവരോടിപ്പം ഒന്നും പറയാനില്ല ...അത്ര തന്നെ ..! ഈ രാജ്യത്ത്‌ പീഡിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ശിവാജി ,രാമന്‍ ,ശ്രീ കൃഷ്ണന്‍ തുടങ്ങിയ പാവങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്താന്‍ ഇക്കാലയളവില്‍ ഇവിടെ വേറെ ഏതെങ്കിലും രാഷ്ട്രീയ പാര്ടിക്കാര്‍ ഉണ്ടായിരുന്നോ ? അയോധ്യ , മധുര , കാശി , രാംശില , കര്‍സേവ ,രാമരാജ്യം , രാം മന്ദിര്‍ , ഗോമാതാവ് (പശു മാതാവെങ്കില്‍ അച്ഛനാരായിരിക്കും എന്ന സംശയത്തിന് ഇവിടെ പ്രസക്തിയില്ല ) ..അങ്ങനെ എന്തെല്ലാം ..,എന്തെല്ലാം . എല്ലാം മനസ്സിലാക്കനമെങ്കിലെ നിങ്ങളുടെ ഒക്കെ തലയില്‍ ആളുതാമാസം വേണം . അല്ല പിന്നെ ...!

ധര്‍മസംസ്ഥാപനത്തിന് വേണ്ടി സഹോദരന്‍ , മാതുലന്‍ തുടങ്ങി ആചാര്യന്‍മാര്‍ വരെ‍ ആരെയും കൊല്ലാം എന്ന് ശ്രീ കൃഷ്ണന്‍ തലയില്‍ കൈവച്ചു പറഞ്ഞിട്ടും ഉറക്കം തൂങ്ങിയിരുന്ന അര്‍ജുനനെ ഒന്ന് കുരുക്ഷേത്ര യുദ്ധത്തിനു ഉന്തി തള്ളി ഇറക്കാന്‍ ഭഗവാന് അവസാനം വിശ്വരൂപം തന്നെ കാട്ടേണ്ടി വന്നു .നമ്മുടെ സ്വോയം സേവകനായിരുന്ന ഗോഡ്സെജി , ഇതൊന്നും മില്ലാതെ തന്നെ ധര്‍മ്മസംസ്ഥാപനത്തിനായ്‌ പിതാവിനെ വരെ കൊല്ലാം എന്ന് , രാഷ്ട്രപിതാവിനെ കൊന്നു തെളിയിച്ച് കുര്‍ബാനായി . ഈ കാര്യപുടന്മാരെല്ലാം കിങ്കര്‍ത്തവ്യതാ മൂഢന്‍ മാരായി കണ്ണും തള്ളി നിന്ന് പോയില്ലേ അന്ന് , നമ്മുടെ ദേശസ്നേഹം കണ്ടു ! . ഭാരത ചരിത്രത്തിലെ വീര പുരുഷനായ അദേഹം സ്വോയം സേവകനല്ലയിരുന്നു എന്ന് വരുത്തി തീര്‍ക്കാനും ചില ശ്രെമങ്ങളൊക്കെ ഇവിടെ നടക്കുന്നുണ്ട് . അവരുടെ തലയില്‍ കയറാന്‍ വേണ്ടി നമ്മുടെ ശാഖകളില്‍ വര്‍ഷങ്ങളായി ആലപിക്കുന്നതും , നമ്മുടെ ഗോഡ്സെ ചേട്ടന്‍ മരിക്കുന്നതിനു മുന്‍പ് അവസാനമായി ചൊല്ലിയതുമായ നമ്മുടെ ആ വന്ദന മന്ത്രം ചൊല്ലിക്കൊണ്ടു ഈ അലക്ക് അവസാനിപ്പിക്കാം .
"നമസ്തേ സദാ ഹിന്ദു വല്ത്സലെ , മാതൃ ഭൂമേ ത്വോയാ ഹിന്ദു ഭൂമേ ....... "
പിന്‍ കുറിപ്പ് : മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രെട്ടറി രാജേന്ദ്രനെ തല്‍സ്ഥാനത്ത് നിന്ന് മാറ്റി --- വാര്‍ത്ത
ഹോ ..ആ പണിയൊരു പണി തന്നെയായിരുന്നു...! മൂന്നാറും വാളയാറും ആറുകളല്ലെന്നും . പിണറായിയും കാരാട്ടും സ്വൊന്തം പാര്‍ട്ടി കാര്‍ തന്നെ യാണെന്നും . വീരേന്ദ്രനും വീരപ്പനും വെവ്വേറെ തരം കള്ളന്‍ മാരാണെന്നും .കുളിക്കാത്തവരെല്ലാം കെ. ഇ. എന്‍ മാരല്ലെന്നും . തൊപ്പി വച്ചാല്‍ മാത്രം മദനിയാകില്ലെന്നും . മുഖ്യമന്ത്രിയാകുക എന്നത് മുഖ്യമന്ത്രിയല്ലാതാകുന്നത് പോലെ എളുപ്പമുള്ള ഏര്‍പ്പാടല്ലെന്നും മുള്ള നൂറു നൂറു കാര്യങ്ങള്‍ ധരിപ്പിചെടുക്കുക എന്നത് തന്നെ എത്ര കഠിനമായ പണിയായിരുന്നു ...!

3 അഭിപ്രായങ്ങൾ:

  1. പോസ്റ്റു വായിച്ചു.
    ബ്ലോഗിന്റെ ടെമ്പ്ലേറ്റ് എന്നും മാറുന്നല്ലൊ.ഇതുവരെ സ്ഥിരപ്പെടുത്തിയില്ലെ?

    മറുപടിഇല്ലാതാക്കൂ
  2. വാഴോടന്‍ അണ്ണാ,,
    പുതിയ ബ്ലോഗ്‌ വായിച്ചു നന്നായിരിക്കുന്നു... കൂടുതല്‍ പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.

    മറുപടിഇല്ലാതാക്കൂ