EID..MUBAARAK... EID..MUBAARAKM . . . . . . . .ഈദ്‌ മുബാറക്ക്‌ ......ഈദ്‌ മുബാറക്ക്‌ . . EID..MUBAARAK.... EID..MUBAARAK...

2009, സെപ്റ്റംബർ 20, ഞായറാഴ്‌ച

‍ എല്ലാവരും കൂടി മുക്കി എന്റെ മകളെ ഒന്ന് പ്രസവിപ്പിക്കൂ ..പ്ലീസ്‌

എഫ്‌.ബി ഐ , ഇന്റര്‍പോള്‍ ,സ്കോട്ട്ലാന്‍ഡ്‌യാര്‍ഡ് തുടങ്ങിയ ഗണത്തില്‍ പെടുത്താന്‍ എന്തുകൊണ്ടും യോഗ്യരാണ്‌ നമ്മുടെ പത്ര പ്രവര്‍ത്തകരും എന്ന് സമ്മതിക്കാന്‍ എന്താ നമുക്കൊക്കെയിത്ര വൈക്ലബ്യം. ഷെര്‍ലോക്ഹോംസ് , ഹെര്‍ക്ക്യൂ ള്‍ പൊയ്റോട്ട് തുടങ്ങിയവരുടെ നിരയില്‍ കസേര വലിച്ചിട്ടു ഇരിക്കാന്‍ ത്രാണിയുള്ള എത്ര എത്ര അപസര്‍പക വീരന്‍മാരാണ് ഇവിടെ ഈ ഓണംകേറാമൂലയില്‍ കിടന്നു പൊടിയും കൂറയുമടിച്ചു ആരുമാരുമറിയാതെ മണ്ണടിഞ്ഞു പുഴുതിന്നു പോകുന്നത്. അല്ലെങ്കിലും ഈ മുറ്റത്തെ മുല്ലയുടെ മണം അങ്ങനയാ. അത് നമ്മുടെ മൂക്കിന്റെ അന്ഡകടാകം ഭേദിച്ച് ഉള്ളിലോട്ടു കയറിയാലും അത് മണമാണെന്ന് സമ്മതിച്ചു കൊടുക്കുക എന്നത് നമ്മള്‍ മലയാളീസിന് ആകാശം ഇടിഞ്ഞു വീഴുന്നത് പോലയോ സ്വൊന്തം കളിമണ്‍തല പോയ്പോകുന്നത് പോലയോ ഉള്ള ഒരു സംഗതിയാ .ഉദാഹരണത്തിന് ഒരു മലയാളി റോക്കറ്റിലേറി അങ്ങ് ചന്ദ്രനിലിറങ്ങി അവിടത്തെ പഞ്ച നക്ഷത്ര ഹോട്ടലില്‍ ഒരാഴ്ച തങ്ങി , അവിടത്തെ കൌതുക വസ്തുക്കളും ശേഖരിച്ചു വിജയ ശ്രീലാളിതനായി മടങ്ങി വന്നെന്നിരിക്കട്ടെ ,നമ്മള്‍ ഒട്ടു അംഗീകരിച്ചു കൊടുക്കുമോ ? നമ്മള്‍ മലയാളീസ്‌ എന്താ പറയുക " ഓ..അതിലിപ്പോള്‍ എന്തിരിക്കുന്നു? ഇവിടെ അരൂരില്‍ നിന്ന് കൊച്ചിയില്‍ പോയി അവിടത്തെ വൈകുണ്ടേശ്വോരം ലോഡ്ജില്‍ താമസിച്ചു മസാല ദോശയും കഴിച്ചു, ഒരു ദിനേശ് ബീഡിയും വലിച്ചു വരുന്നത് പോലുള്ള ഏര്‍പ്പാടല്ലേ . അതിലെന്തിത്ര വര്‍ണിക്കാന്‍" എന്നായിരിക്കും. മറിച്ചു അതെ കാര്യം അമേരിക്കക്കാര് സായിപ്പന്‍മാര്‍ ആരെങ്കിലും ഒന്ന് ചെയ്യട്ടെ ,അതിനെപ്പറ്റി വര്‍ണിക്കാന്‍ നമ്മുടെ കഴുത്തിനു ചുറ്റും ആയിരം നാവായിരിക്കും.
കേരളാ പോലീസ് ,ക്രൈം ബ്രാഞ്ച് ,സ്പെഷ്യല്‍സെല്‍ , മ ണ്ണാങ്കട്ട എന്ന് വേണ്ട ആ പുലികള് സി ബി ഐ ക്കാര് വരെ തല കുത്തി നിന്ന് അന്യഷിച്ചിട്ടു തെളിയിക്കാന്‍ കഴിയാത്ത എത്ര എത്ര കേസുകളാ കുറ്റാന്യക്ഷണപടുക്കളായ നമ്മുടെ പത്രക്കാര് പിള്ളേര് കിളി കിളി പോലെ, പുഷ്പം പുഷ്പം പോലെ തെളിയിച്ചിരിക്കുന്നത്. പക്ഷെ അതൊന്നു സമ്മതിച്ചു കൊടുക്കുക, ങ്ങ .ഹ അതില്‍ പരം അപരാധം വേറെയുണ്ടോ ? ആ സുകുമാരക്കുറുപ്പ് മുങ്ങിയ സമയത്ത് നമ്മുടെ ചാനല് പിള്ളേരും അപസര്‍പക പത്രപ്രവര്‍ത്തകരും ഒന്നും ഇന്നത്തെ യത്ര ഉഷാറല്ലാതായി പോയി . അത് ഇന്നായിരിക്കണമായിരുന്നു. വിത്ത് ഇന്‍ ഇരുപത്തിനാല് മണി ക്കൂറില് ഇതിയാനെ ചെവിക്കു പിടിച്ചു നമ്മുടെ മുമ്പില്‍ കൊണ്ടിട്ട് നമ്മുടെയൊക്കെ കണ്ണ് തള്ളിചെനെ
ശീതസമരക്കാലത്ത് പഴയ സോവിയറ്റ് യൂണിയന്റെ കെ.ജി ബി ചാരന്മാരെ സി ഐ ഏ ക്കാര് പിടിക്കുന്നതിനെക്കാള്‍ എത്ര വിദഗ്ദമായാണ് നമ്മുടെ ചുണക്കുട്ടികള്‍ മാലിയില്‍ നിന്ന് വന്ന കൊടിയ ചാരത്തിയായിരുന്ന ആ മറിയം റഷീദയെ പിടികൂടി, കൈയാമം വച്ചു തമ്പാനൂര്‍ മുതല്‍ കണ്ട്രോള്‍മെന്റ് സ്റ്റേഷന്‍ വരെ നടത്തിച്ചത്. ഹോ അത് കേരള പത്ര പ്രവര്‍ത്തന ചരിത്രത്തില്‍ തങ്ക ഫോണ്ട് കൊണ്ടെഴുതിയ ഒരധ്യായം തന്നെയായിരുന്നു .മറിയം റഷീദ എന്ന പേരോര്‍ക്കുമ്പോള്‍‍ തന്നെ നമ്മുടെ പത്രക്കാര്‍ക്ക് കുളിര്‍ മയിരുണ്ടാകും .നമ്മുടെ അപസര്‍പ്പക ലേഖകര്‍ ചുരുലഴിചെടുത്ത ആ ഐ.എസ. ആര്.‍ ഓ. ചാര കേസ്സ് എത്ര മാസ കാലത്തോളമാണ് ഈ ദൈവത്തിന്റെ സ്വൊന്തം നാട്ടില്‍ ഹൌസ് ഫുള്ളായി ഓടിയത് .മാസങ്ങള്‍ നീണ്ടു നിന്ന ആ കരിമരുന്നു പ്രയോഗത്തിന്റെ കൊടിയിറങ്ങിയപ്പോള്‍ എത്ര സിംഹാസനങ്ങലാണ് ഇവിടെ കടപുഴകി വീണത്‌ .കെ.കരുണാകരന്‍ എന്ന ഗജകേസരി നാല് കാലും പറിഞ്ഞല്ലേ മുഖ്യമന്ത്രി കസേരയില്‍ നിന്ന് വീണത്‌ .പിന്നീട് പോലീസ് മേധാവിയാകാന്‍ യോഗമുണ്ടായെങ്കിലും രമന്‍ശ്രീവാസ്തവ തലയില്‍ മുണ്ടിട്ടല്ലേ ഒന്ന് മുള്ളാന്‍ പോലും പുറത്തിറങ്ങിയിരുന്ന്തു .നമ്പി നാരായണന്‍ എന്ന പ്രഗല്‍ഭനായ ശാസ്ത്രജ്ഞാന്റെയും കുടുംബത്തിന്റെയും അവസ്ഥ അന്നെന്തായിരുന്നു.പുറത്തിറങ്ങിയാല്‍ ജനം കല്ലെറിയും എന്ന് പേടിച്ചു വര്‍ഷങ്ങളോളമല്ലേ വീടിന്റെ വാതായനങ്ങള്‍ തഴുതിട്ടു ഉള്ളിലിരുന്നത് .
അല്ലെങ്കിലും കുട്ടാന്യക്ഷണ കഥകളോട് നമ്മള്‍ മലയാളീസിനു എന്നും ഒരു പ്രത്യേക പ്രണയം തന്നെ ഉണ്ടല്ലോ .ആര്‍തര്‍ കോനന്‍ ഡോയളിന്റെയും അഗതാ ക്രിസ്റ്റി യുടെയും എന്തിനു കോട്ടയം പുഷ്പനാഥിന്റെ വരെ കുറ്റാന്യക്ഷണ നോവലുകള്‍ ഇവിടെ ചൂടപ്പം പോലല്ലയോ വിറ്റ്പോകുന്നത് .'യവനികയും' 'സിബി ഐ ഡയറി കുറിപ്പ്' മെല്ലാം ഇവിടത്തെ തീയേറ്റരുകളില്‍ നിറന്ഞോടിയതെന്താ നമ്മള്‍ മലയാളീസിന്റെ കുറ്റന്യഷണ ത്വോര ഒന്നു കൊണ്ടല്ലേ .ഈ ത്വൊര കണ്ടില്ലാണ് നടിക്കാന്‍ തലമണ്ടയില്‍ ചേര്‍ അല്ലാണ്ട് ചോറുള്ള ആര്‍ക്കെങ്കിലും കഴിയുമോ ? മലയാളീസിന്റെ അടങ്ങാത്ത ഈ കുറ്റാന്യക്ഷണ ത്വൊര ഒന്നില്ലെങ്കില്‍ റൂപ്പദ് മര്‍ഡോക്ക്‌ എന്ന അമേരിക്കന്‍ മാധ്യമ ഭീകരന്‍ കൊച്ചു കേരളത്തില്‍ വന്നു Asia net എന്ന കൊച്ചു ചാനല്‍ പോന്നു വിലക്ക് വാങ്ങുമോ ? സായിപ്പിനറിയാം ഉണ്ണാനും ഉടുക്കാനും കിട്ടിയില്ലെങ്കിലും മലയാളീസ്‌ ടി വി പെട്ടിയില്‍ നിന്ന് വരുന്ന തമ്പോറടികളും കേട്ട് മാസങ്ങളോളം വേണമെങ്കിലും വായും പിളര്‍ത്തി വച്ചു ഇരിക്കുമെന്ന് .
അഭ്യൂഹങ്ങള്‍ കൊണ്ട് എങ്ങനെ ജനങ്ങളെ മയക്കി മുഖ്യമന്ത്രി കസേരവരെ സ്വോന്തമാക്കാം എന്നും, നാല് പെണ്‍വാണിഭ കേസുകളുടെ വക്കാലത്തേറ്റെടുത്താല്‍ എങ്ങനെ ആദര്‍ശരാഷ്ട്രീയത്തിന്റെ അമരത്തെത്താംമെന്നും വിദഗ്ധമായി തെളിയിച്ച മുഖ്യമന്ത്രി വാഴുന്ന നാട്ടില്‍ അല്‍പ സ്വല്പം അഭ്യൂഹ വാര്‍ത്ത ചമയ്ക്കുന്നതിന്റെ പേരില്‍ പത്രക്കാര് കുഞ്ഞുങ്ങളുടെ മുകളില്‍ കുതിര കയറാന്‍ ചെല്ലുന്നതിന്റെ പൊരുള്‍ എന്തെന്ന് മസ്സിലാകുന്നില്ല.ഏത് കേസിലും ഒരു വി ഐ പി ഉണ്ടായാല്‍ ഉണ്ടാകുന്ന മാര്‍കെറ്റ്‌വാല്യൂ എന്തെന്ന് നമ്മുടെ കുട്ടികള്‍ പഠിച്ചത് അങ്ങോരുടെ കിളിരൂരിരില്‍ ചെയ്ത ആ വി ഐ പി പ്രയോഗത്തിലൂടെയല്ലേ . യെത്ര കാലമാണ് ജനത അദേഹത്തിന്റെ വി ഐ പി യും നെഞ്ചേറ്റി നടന്നത്
കിളിരൂരിനു ശേഷം ഏത് കേസ്സ് വന്നാലും ജനം ചോതിക്കുകയല്ലേ എവിടെ വി ഐ പി ? എവിടെ വി ഐ പി..? എന്ന്. എന്ത് തോന്തരവാ . കൊടുക്കാതിരിക്കാന്‍ പറ്റുമോ ? ജനങ്ങള്‍ക്ക്‌ വേണ്ടത് കൊടുത്തില്ലെങ്കില്‍ പിന്നെ ഇവരെല്ലാം പത്രപ്രവര്‍ത്തകരെന്ന കുപ്പായവുമിട്ട് നടന്നിട്ട് എന്ത് കാര്യം . വല്ല കമ്പിലോ കുത്തി പാടത്തോ മറ്റോ കൊണ്ട് വയ്ക്കാനല്ലേ കൊള്ളാവൂ. തുടര്‍ന്ന് എത്ര കേസ്സ്കളിലാ മന്ത്രി പുത്രന്‍ മാരുടെയും മറ്റും അദൃശ്യകരങ്ങളുടെ പങ്കിലേക്ക് ജനമനസുകളെ കൈപിടിച്ചു കൂട്ടി കൊണ്ട് പോകാന്‍ കഴിഞ്ഞത്. എത്ര യെത്ര കിടിലം തെളിവുകള്‍ നിരത്തിയാ കേസ്സുകളോരോന്നും എണ്ണി എണ്ണി തെളിയിച്ചത്
തെളിവുകളെന്നു പറഞ്ഞാല്‍ എന്തെല്ലാം തരത്തിലുള്ള തെളിവുകളാ .തെളിവുകളന്യക്ഷിച്ചു അലഞ്ഞു തിരിയുക പോലും വേണ്ട, ഫാസ്റ്റ് ഫുഡ്‌ പോലെ പാക്കറ്റ് ആയി ചാനലോഫീസ് തേടി വരികയല്ലേ ! അബ്ദുള്ള മല തേടിയേത്തിയില്ലെങ്കില്‍ മല അബ്ദുല്ലയെ തെടിയെത്തും. പ്രതികളുടെ വെളിപ്പെടുത്തല്‍ , പ്രതികളുടെ അഭിഭാഷകന്റെ വെളിപ്പെടുത്തല്‍ , പിതാശ്രീ,മാതാശ്രീ തുടങ്ങി പ്രതികളുടെ ഉറ്റവരുടെയും ബന്ധുക്കളുടെയും വെളിപ്പെടുത്തല്‍ .ഹോ എത്ര കഠിനം .
സംഗതി കോടിയേരിയുടെ രണ്ടു മക്കളുടെ കൈകളിളില്ലാത്ത കുണ്ടാമാണ്ടിത്തര ലോന്നുമില്ല. അക്കാര്യത്തില്‍ സാക്ഷാല്‍ കോടിയേരിക്ക് തന്നെ മറിച്ചൊരു അഭിപ്രായം ഉണ്ടാവാന്‍ വഴിയില്ല. പിന്നെയെന്തിന് നമുക്കൊക്കെ ഇത്ര ദെണ്ണം .ചുക്കില്ലാത്ത കഷായമുണ്ടോ ? ഇരുന്നോട്ടെ എല്ലാ കേസ്സിലും. അമുക്കി ചെരച്ചാലും അതുങ്ങടെ തലയിലെഴുത്തു മാറാന്‍ പോകുന്നില്ല നമുക്കെന്തു നഷ്ടം .നാട്ടിലേതു മോഷണം നടന്നാലും മുമ്പ് ഏതെങ്കിലും മോഷണ കേസില്‍ പ്രതിയായിട്ടുള്ളവരെയല്ലേ നമ്മുടെ ലോക്കല്‍ പോലീസ് ആദ്യം പിടികൂടുക. ഏതെങ്കിലും മന്ത്രി പുങ്കവന്മാരുടെ പുത്രന്മാരോ സിനിമാനടികളോ ഇല്ലങ്കില്‍ ഇ കഥകള്‍ക്കെല്ലാം എന്ത് എരിവും പുളിയും ഇക്കിളിയും ?
സോദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ നിര്‍ഭയ പത്രപ്രവര്‍ത്തനത്തെ പറ്റിയും കേസരി ബാലകൃഷ്ണപിള്ളയുടെ ഉത്തരവാദിത്വ പത്രപ്രവര്‍ത്തനത്തെ പറ്റിയൊക്കെ ഊറ്റം കൊള്ളൂകയും പാടി പുകഴ്ത്തുകയുംമൊക്കെ ചെയ്യാമെന്നല്ലാതെ അവരുടെ രീതികളൊക്കെ അനുകരിക്കാന്‍ പോയാല്‍ ഇന്നത്തെ കാലത്ത് ചൊറിയും കുത്തി വീട്ടിലിരിക്കാനല്ലേ കഴിയൂ .ആസിയാന്‍ കരാറിനെ പറ്റിയും സാമ്രാജ്യത്ത അധിനിവേശത്തെ പറ്റിയും വിലക്കയറ്റത്തെ പറ്റിയും മൊക്കെ വെണ്ടയ്ക്ക നിരത്തിയാല്‍ ഏതെങ്കിലും കര്‍മചന്ടാലന്‍ വായിക്കുമോ അതൊക്കെ ? മലയാളീസിനു വേണ്ടത് ചൂടന്‍ സാധനങ്ങളല്ലേ. നാട്ടില്‍ കലാകൌമുദി, മാതൃഭൂമി, സമാകാലീന മലയാളം ,ഭാഷാഭോഷിണി എന്നൊക്കെ പേരില്‍ എത്ര വീക്കിലികളാ ആഴ്ച്ചയോടാഴ്ച ഇറങ്ങുന്നത് ? ക്രൈം ,ക്രൈം ഫയല്‍, ഫയര്‍ തുടങ്ങിയ ചൂടന്‍ സാധനങ്ങള്‍ നാലാള്‍ കാണാതെ പൊതിഞ്ഞു കൊണ്ട് പോകാനല്ലാതെ എത്ര പേര്‍ ആ വക സാധനങ്ങള്‍ വാങ്ങുന്നു ? അടൂരിന്റെ 'വിധേയനും' ഷക്കീലയുടെ 'കിന്നാരത്തുമ്പികളും' അടുത്തടുത്ത തീയെറ്റര്കളില്‍ ഓടിയാല്‍ നമ്മള്‍ മലയാളീസ്സു അതില്‍ ഏത് സിനിമയായിരിക്കും കാണുക ?
ഇവിടെ ഇപ്പോള്‍ കൊല്ലപ്പെട്ടത് വല്ല അണ്ടനോ അടകോടനോ ആപ്പയോ ഊപ്പയോ മറ്റോ ആണോ ? നാട്ടിലെ എണ്ണപ്പെട്ട സമ്പന്ന കുടുമ്പങ്ങളില്‍ ഒന്നായ മുത്തൂറ്റ് കുടുംബത്തിലെ ഒരു ഇളമുറക്കാരനല്ലേ ? നമ്മുടെ ഉമ്മന്‍ചാണ്ടിയുടെ മക്കള്‍ക്ക്‌ വരെ സംബന്ധം കൂടി താമസിക്കാന്‍ പറ്റിയ തറവാട് . നമ്മുടെ പത്രക്കാരുടെ പരസ്യ ദാതാവ് .പൊന്മുട്ടയിടുന്ന താറാവ് .മാധ്യമ ശ്രീമാന്മാര്‍ക്ക് ഇത്തിരി ദെണ്ണമൊക്കെ ഉണ്ടാവും എന്ന് കൂട്ടിക്കോ . നിങ്ങള്‍ പോലീസ്കാര്‍ 48 മണിക്കൂറിനകം പ്രതികളെ കണ്ടു പിടിക്കുകയോ ..? മഹാപാതകം ! തൃപ്തിയല്ല . നമ്മുടെ പത്രക്കാര് സി ഐ ഡി കള്‍ തന്നെ അന്യക്ഷിക്കണം. നമ്മുടെ പോള്‍ മുമ്പ് മയക്കുമരുന്ന് കേസ്സില്‍ പിടിക്കപ്പെട്ടിട്ടുണ്ട്, ഗുണ്ടകളും ലേഡീസ്‌ ബാഗുകളും ചുരിദാറുകളും ഒക്കെ കൂടെ കൊണ്ട് നടക്കുന്നവനാണ് എന്നൊക്കെ കരുതി മരിച്ച ആളുടെ ഭൂതകാലം ചികയാമോ .കുറച്ചു വി ഐ പി കളെയും സിനിമാ നടികളെയും ചില ഗൂണ്ടാകളെയും ചേര്‍ത്ത് കേസ്സ് തെളിയിച്ചാല്‍ പോരെ . എന്തെല്ലാം തെളിവ്കളാ പത്രവിശാരദന്‍മാര്‍ ‍നിങ്ങളുടെയൊക്കെ മുന്നില്‍ നിരത്തിയത് . പ്രതി 'കാരി ' യുടെ അമ്മ എന്തെല്ലാം സത്യങ്ങളാ ഉച്ചൈസ്തരം വിളിച്ചു പറഞ്ഞത്. ലോകത്തില്‍ ഏതെങ്കിലും അമ്മ മകന്‍ കുറ്റം ചെയ്തിട്ടില്ല എന്ന് പറയുമോ ? ആ അമ്മ പറഞ്ഞ കത്തിയും കട്ടിലും നമ്മുടെ പത്രശിരോമണികള്‍ കൈയ്യോടെ കണ്ടു പിടിച്ചു നമ്മുടെ മുന്നിലേക്കിട്ടുതന്നില്ലേ ? ഒരു ചാനല്‍കുമാരന്‍ കൊല്ലന്‍ കൂടമാടിക്കുന്നത് കാണിച്ചാല്‍ അടുത്ത ചാനലിലെ കുമാരി ഗുണ്ടയുടെ കട്ടിലിനടിയില്‍ കയറി കത്തിയോളിപ്പിക്കുന്ന കൈ കാണിക്കും .തമിഴ് നാട്ടില്‍ നിന്ന് ഗുണ്ടകളെയും കൊണ്ട് വന്ന പോലീസ് വണ്ടിയെ സിനിമാ സ്റ്റൈലില്‍ മത്സരിച്ചല്ലേ നമ്മുടെ ചാനല്‍കുമാരന്‍ മാരും കുമാരികളും പിന്തുടര്‍ന്നത്‌ . ഗുണ്ടകള്‍ ഒളിച്ചു താമസിച്ചിരുന്ന ദുബായിലെ ഹോട്ടലിന്റെ മുമ്പില്‍ നിന്ന് നമ്മുടെയൊക്കെ സ്വൊന്തം ലേഖകനായ അവിടത്തെ ഷെയിക്ക് , ഫൈസല്‍ ബിന്‍ അഹമ്മദ്‌ പച്ച മലയാളത്തില്‍ അല്ലെ കുത്തബ് തന്നത് .
കിട്ടുന്ന തെളിവുകള്‍ പോലീസിന് നല്‍കേണ്ടി വരും പോലും .പിന്നെ...! കുറച്ചു പുളിക്കും ..! നമ്മുടെ പത്രക്കാരാരാന്നു നിങ്ങള്‍ക്ക് നേരെ ചൊവ്വേ മനസ്സിലായിട്ടില്ലാന്നു തോന്നുന്നു. ജനജിഹ്വയാണ് . ഭരണഘടനാ പരിരക്ഷയുള്ള ഇനങ്ങളാ . എന്തും ചോദിക്കാം ,വിചാരണ ചെയ്യാം ,വിസ്തരിക്കാം, കഴുവേറ്റാആം ഏത് രഹസ്യത്തിലെക്കും ചൂഴ്ന്നു ചെല്ലാം. പറയുന്നത് കേട്ട് മര്യാദക്ക് ഇരുന്നു കൊള്ളണം എന്നല്ലാതെ തിരിച്ചാരും ചോദിക്കത്തില്ല.അവരെ ഭീഷണിപ്പെടുത്താം എന്ന് വെച്ചാല്‍ അത് കാക്ക‍ കൂട്ടില്‍ കല്ലെറിയുന്നത്‌ പോലിരിക്കും .ഒന്നിച്ച്‌ വന്നു കൊത്തും . മാധ്യമ ക്വോട്ടേഷന്‍ക്കാര്‍ പിടലിക്ക് തല്ലിയാലും ഒരു പുമാനും ചോദിക്കത്തില്ല .ഇനി വിഡ്ഢികള്‍ ജനങ്ങള്‍ എതിരായാലും അവര്‍ക്ക് പുല്ലാ . അവര്‍ പഞ്ചായത്ത് തെരെഞ്ഞെടുപ്പിലോന്നും മത്സരിക്കുന്നില്ലല്ലോ..? ആനന്ദ ലബ്ദിക്ക് വേറെന്തു വേണം ..? വെറുതെയാണോ പണ്ട് ഈറ്റ് നോവെടുത്തു പിടയുന്ന മകളെ കണ്ട് സഹികെട്ട് ഒരമ്മ നമ്മുടെ മാധ്യമശ്രീമാന്‍മാരോടും ശ്രീമതികളോടും ഇണ്ടല്‍ കൊണ്ടത് "നിങ്ങളെല്ലാരും ചേര്‍ന്ന് മുക്കി ‍എന്റെ മകളെ ഒന്ന് പ്രസവിപ്പിക്കൂ ..പ്ലീസ്‌ "
* * * *
കലക്കത്ത് കുഞ്ചന്‍ നമ്പ്യാര്‍ അന്നത്തെക്കാലത്തെ മാധ്യമജി മാരുടെ ചോരകിളാര്‍പ്പ് കണ്ടു പാടിയതിങ്ങനെ .
ഉണ്ണണമെന്നും ഉറങ്ങണമെന്നും
പെണ്ണുങ്ങളോട് രസിക്കണമെന്നും
കണ്ണില്‍ കണ്ടജനങ്ങളെയെല്ലാം
എണ്ണിക്കൊണ്ട് ദുഷിക്കണമെന്നും
ഇത്തോഴിലല്ലാതിപ്പരിഷക്കൊരു
വസ്തു വിചാരമൊരിക്കലുമില്ല
* * * * *
പിന്‍മൊഴി :-
പിണറായിക്കെതിരെ കേസ്സ് നടത്താന്‍ ക്രൈംനന്ദകുമാറിന് ഒരു ലക്ഷം രൂപ കൊടുക്കും - പി.സി.ജോര്‍ജ്‌
ഇതിന്റെ യൊക്കെ വല്ല കാര്യവും ഉണ്ടായിരുന്നോ ഇച്ചായാ നിങ്ങള്‍ക്ക് ? വി.എസ് .ആനയാണ് ,ചേനയാണൊന്നൊക്കെ പറഞ്ഞു അങ്ങോരുടെ വാലേ തൂങ്ങി നടന്ന സമയത്ത് സ്വോന്തമായി പത്തു അണികളെയും ഉണ്ടാക്കി മലയോര കര്‍ഷകസേവനവുംമായി, എല്ലില്ലാത്ത ആ നാവും വായിലിട്ട് കഴിഞ്ഞിരുന്നെങ്കില്‍ ഇന്നീക്കാണുന്ന ഗതികേട് വരത്തുമില്ലായിരുന്നു ഈ ഒരു ലക്ഷം പോകത്തുമില്ലായിരുന്നു. ആ കടന്നപ്പള്ളി സാറിനെ കണ്ടു പഠിക്കാന്‍ നോക്കിഷ്ടാ ...! (പരസ്യമായി കക്ഷത്ത്‌ വച്ചു നടക്കാന്‍ പറ്റിയ ഒരു പ്രസിദ്ധീകരണ ത്തിന്റെ പത്രാധിപര്‍ പോലുമല്ലാത്ത നന്ദകുമാറിന് ഒരു ലക്ഷം ..! ഇട്ടു നിരങ്ങുന്ന അച്ചിക്ക്‌ നിരങ്ങി ഉണ്ണുന്ന നായര്‍ .! )

1 അഭിപ്രായം: