EID..MUBAARAK... EID..MUBAARAKM . . . . . . . .ഈദ്‌ മുബാറക്ക്‌ ......ഈദ്‌ മുബാറക്ക്‌ . . EID..MUBAARAK.... EID..MUBAARAK...

2010, മാർച്ച് 14, ഞായറാഴ്‌ച

നിത്യാനന്ദയും ഉണ്ണിത്താനും പിന്നെ ഞങ്ങളും


ഭരണഘടന ഉറപ്പ്‌നല്‍കുന്ന മൌലികാവകാശങ്ങളുടെ നേര്‍ക്കുള്ള നഗ്നമായ കടന്നു കയറ്റം എന്നല്ലാണ്ട് ഇതിനൊക്കെ ഇപ്പോള്‍ എന്താ പറയുക...? ഒരു സ്വാമിക്ക് ..അതും ഈ ദേശത്തും മറുദേശത്തും നിരവധി ആശ്രമങ്ങളും നരേന്ദ്രമോഡിയെന്ന സിംഹക്കുട്ടിയടക്കം മുപ്പത്തിമുക്കോടി എന്തിനും പോന്ന ആരാധകവൃന്ദവുമുള്ള സര്‍വ്വസംഗപരിത്യാഗിയായ ഒരു സ്വാമിക്ക്പോലും ഒരു പൌരന് അനുവദിച്ചു നല്‍കിയിട്ടുള്ള വ്യക്തി സ്വാതന്ത്ര്യവും ലൈംഗിക സ്വാതന്ത്ര്യവും ലഭ്യമല്ലാന്നുവന്നാല്‍ ഞങ്ങളൊക്കെ (സക്കറിയാമാഷും ഞാനും മറ്റുചിലരും) ഇവിടെ ബുദ്ധിജീവികളെന്നു പറഞ്ഞു ജീവിചിരുന്നിട്ട് എന്ത് കാര്യം ..?



ഉഭയ സമ്മത പ്രകാരം ഭക്തിയുടെ തണലില്‍, ഒളിവിന്റെ മറവില്‍ യോഗീവര്യനായ ഒരു സ്വാമിയും ഒരു സിനിമാനടിയും ഒന്നിച്ചു ശയിക്കുന്നിടത്തെക്ക് ഒളിക്യാമറയുമായി ചെല്ലുക ,അവര്‍ തമ്മിലുള്ള തികച്ചും പരിപാവനമായ കിടപ്പറ രംഗങ്ങള്‍ നിര്‍ലജ്ജം പകര്‍ത്തുക , ചൂടാറുംമുമ്പേ ആ രംഗങ്ങള്‍ ചാനലുകളും ഇന്റര്‍നെറ്റും വഴി ആളുകളുടെ സ്വീകരണമുറികളിലെത്തിക്കുക, തികച്ചും നിയമവിധേയമായി നടത്തുന്ന ആശ്രമങ്ങള്‍ക്ക് നേരെ കല്ലെറിയുക,അടിച്ചു തകര്‍ക്കുക . എന്തൊരു തെമ്മാടിത്തം ! സദാചാരപോലീസ് ചമയാന്‍ ഇവര്‍ക്കൊക്കെ ആര് നല്‍കി ഈ അധികാരങ്ങള്‍..!



ഇത്രയും ഭൂകമ്പം ഉണ്ടാവാന്‍ വേണ്ടി എന്ത് തെറ്റാ സ്വാമി ചെയ്തെ..? ലോകം മുഴുവന്‍ ചുറ്റി ആത്മീയ പ്രഭാഷണം നടത്തി ജനലക്ഷങ്ങളെ ആനന്ദതുന്ദിലരാക്കിയതോ ? ടിവി ചാനലുകളിലൂടെ ജനത്തെ ആത്മനിര്‍വൃതിയില്‍ ആറാടിച്ചതോ ? അങ്ങനെയെങ്കില്‍ അതിനേക്കാള്‍ വലിയ ദൈവങ്ങള്‍ ആസാമിമാരായി , വന്‍ കോര്‍പറേറ്റ്‌ ശക്തികളായി വാഴുന്ന നാട്ടില്‍ ഈ പാവം സ്വാമിയെ മാത്രം വേട്ടയാടി നശിപ്പിക്കില്ലല്ലോ ..? പിന്നെ എന്താ ഈസ്വാമി ചെയ്ത അക്ഷന്തവ്യമായ അപരാധം ? തെന്നിന്ത്യയിലെ പ്രമുഖതാരസുന്ദരികള്‍..തണ്ടാര്‍മിഴികള്‍ സ്വാമിക്ക് പാദപൂജയും ദേഹപൂജയും ചെയ്ത് ആനന്ദസായൂജ്യമടഞ്ഞു. അത്ര തന്നെ . അസൂയ...അസൂയ ! തനിക്ക് കിട്ടാത്ത സൗഭാഗ്യങ്ങള്‍ വേറൊരാള്‍ അനുഭവിക്കുന്നത് കാണുമ്പോള്‍ ഒരു ശരാശരി ഇന്ത്യാക്കാരനുണ്ടാകുന്ന അതേ അസൂയ..!


സ്വാമിയെ കല്ലെറിയാന്‍ വേണ്ടുന്ന നിയമത്തിന്റെ എന്ത് പരിരക്ഷയാണ് ഈ വിദ്വാന്‍മാര്‍ക്കുള്ളത് ? ദണ്ഡനീതിയുടെ ഏതു വകുപ്പ് പ്രകാരമാണ്‌ സ്വാമിക്ക് നേരേ വാളോങ്ങുന്നത് ? പ്രായപൂര്‍ത്തിയായ ഒരു പുരുഷനും സ്ത്രീക്കും ഉഭയസമ്മത പ്രകാരം ഇവിടെ എന്ത് കുന്ത്രാണ്ടവും ഒപ്പിക്കാം എന്ന് നിയമം ഉറപ്പ്‌ നല്‍കുന്നു . പിന്നെന്താ ഇവര്‍ക്കൊക്കെ ഇത്ര ചൊറിച്ചില്‍ ..? അതിന് ഇവനൊക്കെ നിയമത്തിന്റെ തറ പറ എന്തെന്നറിയോ ..? ചുക്കോ ചുണ്ണാമ്പോ എന്തെന്നറിയോ ? നിത്യാനന്ദ തമിഴ് സംസ്കാരത്തിന് മുറിവേല്പ്പിച്ച് പോലും. മുറിവേല്‍പ്പിക്കാന്‍ വേണ്ടി തമിഴ് സംസ്കാരം എന്താ വല്ല ആടോ മാടോ മറ്റോ ആണോ? ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ തമിഴ് സംസ്കാരത്തിന് പ്രത്യേക വകുപ്പുകള്‍ വല്ലതും ഉള്‍ചേര്‍ത്തിട്ടുണ്ടോ..? തമിഴ്‌നാട്ടില്‍ കോടിക്കണക്കിന് അണ്ണാച്ചിമാര്‍ പിണ്ണാക്ക്മാടന്മാരായി ജീവിച്ചിരുന്നിട്ടും ഇതൊക്കെ ചോദിക്കാന്‍ നാമ്മള്‍ ബുദ്ധിക്കമ്മിറ്റിക്കാര്‍ തന്നെ വേണ്ടിവന്നു. .ചാരുനിവേദിതയും ജ്ഞാനിയുമടക്കമുള്ള ബുദ്ധികമ്മിറ്റിക്കാര്‍. ബുജി കമ്മിറ്റിയുടെ തമിഴ്‌നാട്‌ ഘടകത്തിന്റെ തലതൊട്ടപ്പന്മാര്‍.


ഹോ..രാജ്മോഹന്‍ ഉണ്ണിത്താന്‍ ആരായിരുന്നു മോന്‍ ..! ഈ രാജ്യത്ത് അന്യം നിന്ന് കൊണ്ടിരിക്കുന്ന അപൂര്‍വം ഗാന്ധിയന്മാരില്‍ അഗ്രേസരന്‍ .കോണ്‍ഗ്രസ്‌ രാഷ്ട്രീയത്തിന്റെ മറുകരകണ്ട നെടുനായകന്‍. ഗര്‍ജിക്കുന്ന (ഗര്‍ജിച്ചിരുന്ന) സിംഹം. ഷാജികൈലാസ് സിനിമകളിലൂടെ പ്രേഷക മസ്സുകളില്‍ കുടിയേറി കുടില്‍കെട്ടിയ സിനിമാസ്റാര്‍. വിഗും കൂളിംഗ്ലാസ്സും വെച്ചില്ലെങ്കിലും സുന്ദരന്‍. അദേഹത്തിന്റെ നവാണെങ്കിലോ മൃദുലതരളിതം അവിടെ സരസ്വതി വിളയാടും. അദ്ദേഹത്തിന്റെ ത്വക്ക്പാരുഷ്യം കഠിനകടോരം. കണ്ടാമൃഗം ലജ്ജിച്ചു അടിയറവു പറയും. അദ്ദേഹത്തെ പോലെ സകലകലാവല്ലഭനും ക്രാന്തചക്ഷുസ്സ്മായ ഒരു നേതാവിനെ ഇക്കാലത്ത് മരുന്നിനു പോലും വേറെ കിട്ടാനില്ല. ഭൂമിമലയാളത്തില്‍ അദേഹത്തിനറിയാത്തതായി ഒന്നുരണ്ടു കാര്യങ്ങളെ ഉണ്ടാവൂ. അതില്‍ ഒന്ന് KPCCഓഫീസില്‍ പ്രസിഡന്റിന്റെ മുറിയുടെ പുറത്തു വച്ചിരിക്കുന്ന ബക്കറ്റിന്റെയും വെള്ളത്തിന്റെയും കഥ. മറ്റൊന്ന് കൈകാലുകള്‍ തല്ലി ഓടിക്കപ്പെട്ട കണ്ണൂര്‍ DCC മെമ്പര്‍ പുഷ്പരാജിന്റെയും അദ്ദേഹത്തിന്റെ സഹോദരിയുടേയും കഥ. ഒപ്പം കെ.സുധാകരന്‍ മാസത്തില്‍ നാലുതവണ വീതം ചെന്നൈയില്‍ പോകുന്നതിന്റെ പൊരുളും.



മേപ്പടി സദ്ഗുണങ്ങളാല്‍ കെങ്കേമനായ ആ സുഗ്രീവനെയല്ലേ പിഡിപിക്കാരും സിപിഎം കാരും ചേര്‍ന്ന് ആരോരുമില്ലാത്ത ഒരു വീട്ടില്‍ വച്ച്, ഒരു അര്‍ദ്ധരാത്രി നേരത്ത് ഭര്‍ത്താവുള്ള ഒരു സ്ത്രീയെയും ചേര്‍ത്തു വച്ച് പീഡിപ്പിച്ചത്..! അതും അദ്ദേഹം സഹോദരിയെ പോലെ കരുതിയിരുന്ന ഒരു സ്ത്രീയെയും ചേര്‍ത്തു ...! സഹോദരിയെ പോലെ എന്നല്ല. സഹോദരി തന്നെ . തൂവല്‍ കണ്ടാലറിയില്ലേ ആമയാണെന്ന്..! ഇക്കാലമത്രയും ഊണും ഉറക്കവും ഇല്ലാതെ ജനസേവനം ചെയ്തതിന് അവസാനം ജനങ്ങളെന്ന അക്കാനിമാടന്മാര്‍ നല്‍കിയ പ്രതിഫലം...! സ്വന്തം മകനെ കൂട്ടിവരാന്‍ കൊല്ലത്ത് നിന്ന് ബാംഗ്ലൂര്‍ക്ക് പോകുംവഴി മഞ്ചേരിയിലെത്തിയപ്പോള്‍ സമയം അര്‍ദ്ധരാത്രിയായിപോയി. ഏതോ ഒരു അഞ്ചാംപത്തിക്കാരന്റെ വാക്ക്‌ കേട്ട്, വഴിക്ക് വച്ച് കണ്ട നാട്ടുകാരികൂടിയായ സേവാദള്‍ ബഹനുമായി ആളൊഴിഞ്ഞ ഒരു വീട്ടില്‍ പോയി ഒരു രാത്രി ഒന്ന് അന്തിയുറങ്ങി . അത്ര തന്നെ ! അപ്പോഴേക്കും കടന്നല്‍ക്കൂട് ഇളകി വന്നില്ലേ ..? സദാചാരത്തിന്റെ കാവല്‍ നായ്ക്കള്‍....! പ്ഫൂ.........! പുരോഗമനവാദികളാണത്രേ..പുരോഗമനവാദികള്‍ ! ഒരു പുരുഷനും സ്ത്രീയും ഒറ്റയ്ക്കൊരു വീട്ടില്‍ ഒന്നിച്ചു താമസിച്ചാല്‍ പിടിച്ച്കെട്ടുന്ന ഇവരോക്കെയത്രേ പുരോഗമനവാദികള്‍..!



എന്തിന് ഉണ്ണിത്താന്റെ കാര്യംപറയണം , പത്തെന്‍പ്പത്തഞ്ചുവയസായി കുഴിയുണ്ടാക്കി അതിലേക്ക് കാലും നീട്ടിയിരിക്കുന്ന ആ തലമുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ്‌ തിവാരി സാറിനെ ഇവര്‍ വെറുതെ വിട്ടോ .? പരിണിതപ്രജ്ഞനായ അദ്ദേഹത്തിന് പോലും വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഉദാത്തമായ ആ സംരക്ഷണം ലഭ്യമായോ ? അദ്ദേഹത്തെയും പിടികൂടി വിചാരണ ചെയ്തു കളഞ്ഞില്ലേ . മുഠാളന്മാര്‍.....! ഉണ്ണിത്താന്‍ പ്രായപൂര്‍ത്തിയായ ഒരു സ്ത്രീയോടൊപ്പം കഴിഞ്ഞെങ്കില്‍ ഇദ്ദേഹം ചെയ്ത തെറ്റെന്താ ..? പ്രായപൂര്‍ത്തിയായതും ആകാത്തതുമായ ഒന്നിലേറെ സ്ത്രീകളോടൊപ്പം ഒരേ സമയം കാമാകേളികളാടിയതത്രേ..! ഇവനെയൊക്കെ മുക്കാലിയില്‍ കെട്ടിയടിക്കണം ! അസൂയ പണ്ടാരങ്ങള്‍ !



ഇത്രയും വൃത്തികെട്ട സാംസ്കാരിക കാപട്യം പണ്ട് കാലത്ത് പോലും ഇവിടുണ്ടായിരുന്നില്ല. അന്നൊക്കെ ഇവിടെ ജീവിച്ചിരുന്ന കാരണവന്മാര്‍ നാലും അഞ്ചും കല്യാണങ്ങള്‍ വരെ കഴിച്ചിരുന്നു. ഒന്നാം കുടി , രണ്ടാം കുടി, മൂന്നാം കുടി എന്നിങ്ങനെ ഔദ്യോഗികമായി. അനൌദ്യോകമായി വേറെയെത്രയെണം...! ഭാഗ്യവാന്‍മാര്‍ ! സുകൃതം ചെയ്ത ജന്മങ്ങള്‍..! അതൊക്കെ ഒരു കാലം..! അതൊക്കെ ഇന്നിനി വരാത്ത വിധം എന്നെന്നേക്കുമായി പോയ്പ്പോയില്ലേ ! ഇന്നാണെങ്കിലോ, ഒരു കല്യാണം കഴിച്ചു അതില്‍ തന്നെ ഒതുങ്ങി കൂടണം പോലും . മട്ടന്‍ ബിരിയാണിയാണെങ്കിലും ദിവസേന കഴിച്ചാല്‍ ഏത് ബിരിയാണി കൊതിയനും മടുത്തു പോകില്ലേ ? ഒരു ദിവസം ബിരിയാണിയെങ്കില്‍ അടുത്ത ദിവസം പത്തിരീം ഇറച്ചിക്കറീം. അതിന്റടുത്ത ദിവസം നല്ല പുളിശ്ശേരിയും സാമ്പാറും പായസവും ഒക്കെ ചേര്‍ത്തു ഒരു സദ്യ. അതല്ലേ അതിന്റെ ഒരു കാവ്യ നീതി. അതിന്റെ ഒരു നാട്ടു നടപ്പ്‌. ഇതൊക്കെ ഇവിടെ ആര്‍ക്ക് മനസ്സിലാകാന്‍...!



ഇതെന്ത് നാടാണപ്പാ... ഇവിടെ കമിതാക്കള്‍ക്ക് അത്യാവശ്യം വേണ്ടുന്ന അടിസ്ഥാന സൌകര്യങ്ങള്‍ എന്തെങ്കിലുമുണ്ടോ...? പ്രണയ മിഥുനങ്ങള്‍ക്ക് ഒന്നിച്ചിരുന്നു കൊക്കുരുമാന്‍ പാകത്തിന് ഒരു നല്ല പാര്‍ക്കുണ്ടോ ? ഒരു നല്ല ബീച്ചുണ്ടോ ? അഥവാ ഉണ്ടെങ്കില്‍ തന്നെ സമാധാനത്തോടെ അവിടൊക്കെ പോയിരുന്നു പ്രണയിക്കാന്‍ പാറ്റോ.? സദാചാര പോലീസോ PDPക്കാരോ പിടികൂടില്ലേ ? ഇവിടെ കമിതാക്കള്‍ക്ക് അല്ലലില്ലാതെ ഒരുമിച്ചു കഴിയാന്‍ പറ്റിയ നല്ല ഒരു ലോഡ്ജോ നല്ല ഒരു ഹോട്ടെലോ ഉണ്ടോ ? നല്ല ഒരു നൈറ്റ്‌ക്ലുബുണ്ടോ? ജനങ്ങളുടെ ലൈംഗിക പട്ടിണി മാറ്റാന്‍ വേണ്ടുന്ന തരത്തില്‍ ആവശ്യത്തിന് വേശ്യാലയങ്ങളുണ്ടോ ? പ്രായപൂര്‍ത്തിയായ ഒരു സ്ത്രീയോടൊപ്പം ആളൊഴിഞ്ഞ ഒരു വീട്ടില്‍ ഒരു അര്‍ദ്ധരാത്രി പോലും ഒന്നിച്ചു താമസിച്ചു മടങ്ങി പോകാന്‍ പറ്റോ ? ഇവിടെ സീരിയല്‍ നടികള്‍ക്ക് പോലും രണ്ടു പെഗ്ഗടിച്ചു തലയൊന്നുച്ചുറ്റിപോയാല്‍ രാത്രി കാറില്‍ കിടന്നൊന്നുറങ്ങാനുള്ള സ്വാതന്ത്ര്യമുണ്ടോ ? ഇവിടെ ഭര്‍ത്താവല്ലാണ്ട് മറ്റാരോടെങ്കിലുമൊപ്പം നെല്ലിയാമ്പതിയിലോ മറ്റോ പോയി ഒരാഴ്ച ഒന്നിച്ചു സമാധാനത്തോടെ താമസിക്കാന്‍ പറ്റോ ? മോറല്‍പോലിസ് ചോദ്യം ചെയ്യില്ലേ ? ഇത്രയും ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്ന ഒരു ജനത ലോകത്തെവിടെയെങ്കിലും കാണുമോ ? അല്ല...എല്ലാറ്റിനും ഞങ്ങളെ തന്നെ കുറ്റം പറഞ്ഞാല്‍ മതി . ഞങ്ങളല്ലാണ്ട് വേറാരെങ്കിലും ഈ പട്ടിക്കാട്ടില്‍ വന്ന് ജനിക്കോ ..? ഈ കണ്ട്രീഫെല്ലോസിന്റെ മദ്ധ്യേ ..!



വല്ല അമേരിക്ക യിലോ മറ്റോ ആണെങ്കില്‍ ഇതാണോ അവസ്ഥ ? എന്ത് സമാധാനം ..! യെത്ര സുന്ദരം...! . അവിടെയൊന്നും കപടസദാചാരവാദികളായ നാട്ടുകാരില്ല പിടിച്ചുകെട്ടിയിടുന്ന പിഡിപിക്കാരോ സി.പി.എംകാരോ ഇല്ല. അവിടയോക്കെ വസ്ത്രങ്ങള്‍ മാറുന്നത് പോലല്ലേ പങ്കാളികളെ മാറുന്നത്..! ബീച്ചിലും പാര്‍ക്കിലുമൊക്കെ ഉടുത്തും ഉടുക്കാതെയുമല്ലേ മിഥുനങ്ങള്‍ കാമാകേളികളാടുന്നത് .അവിടൊക്കെ പ്രണയപരവശരായ കമിതാക്കള്‍ക്ക് ഏത്‌ അര്‍ദ്ധരാത്രിക്കും സ്വൈരമായി വിഹരിക്കാം. സദാചാരത്തിന്റെ അപ്പോസ്തലന്മാരാരും പിടികൂടി സ്മാര്‍ത്തവിചാരം ചെയ്യില്ല.

മറ്റു നാടുകളിലെ സംസ്കാരമെന്തെന്നറിയാന്‍ ഇവനൊക്കെ സ്വന്തം പഞ്ചായത്തിന്റെയോ താലൂക്കിന്റെയോ ‘ഠ’ വട്ടത്തിന് പുറത്തൊരു ലോകം എന്തെന്ന് കണ്ടിട്ടുണ്ടോ ? കൂപമണ്ടൂകങ്ങള്‍...! പോട്ടെ ഈരേഴുലകവുംചുറ്റിയ വാലിവന്‍ സക്കറിയാസാര്‍ അവിടെയൊക്കെ കണ്ട കാര്യങ്ങള്‍ പച്ചമാലയാളത്തില്‍ പകര്‍ത്തിവച്ചിട്ടില്ലേ? ആ സഞ്ചാര സാഹിത്യ കൃതികളെങ്കിലും ഈ ക്ണാപ്പന്‍മാര്‍ക്ക്‌ ഒന്ന് വാങ്ങി വായിച്ചു നോക്കിക്കൂടെ ? ഇനിയെന്നാ ഇവനൊക്കെ പരിഷ്കൃത സമൂഹത്തിന്റെ ജീവിതം എന്തെന്ന്‍ പഠിക്കുക ...? കപടമായി താലോലിച്ച് പോരുന്ന ഈ ഫ്യൂഡല്‍ സദാചാരത്തിന്റെ പൂച്ച് കുഴിച്ചു മൂടുക ?


പിന്‍മൊഴി:- “കൃഷ്ണഗിരിയിലെ ഭൂമി ശ്രേയാംസ്കുമാര്‍ കൈയ്യേറിയതല്ല. പരമ്പരാഗതമായി കിട്ടിയതാണ്.”- C.R. നീലകണ്ഠന്‍

അതിവിടയം അകത്തെങ്കില്‍ അതിസാരം പുറത്ത്.

വീരകുമാരന്മാരും മുനീര്‍സാറും മാത്തുക്കുട്ടിച്ചായനുമൊന്നും ഇല്ലെങ്കില്‍ എന്ത് നീലകണ്ഠന്‍ ? എന്ത് കാളകണ്ഠന്‍ ?

4 അഭിപ്രായങ്ങൾ:

  1. രസകരമായിട്ടുണ്ട്... തൂവല്‍ കണ്ടാലര്റിയില്ലെ ആമയാണെന്ന്..!!!
    ഉഗ്രന്‍

    മറുപടിഇല്ലാതാക്കൂ
  2. വായിച്ചു കേട്ടോ.
    സ്വാമിയെ കല്ലെറിയാന്‍ വേണ്ടുന്ന നിയമത്തിന്റെ എന്ത് പരിരക്ഷയാണ് ഈ വിദ്വാന്‍മാര്‍ക്കുള്ളത് ?
    ഈ ചോദ്യം അസ്സലായി.

    മറുപടിഇല്ലാതാക്കൂ
  3. ഹോ!!!! എന്തൊരു കഷ്ടമാണെന്ന് നോക്കണേ.
    സദാചാരത്തിന്റെ ആള്‍രൂപങ്ങളായ ഈ പാവം കൊണ്ഗ്രസ്സുകാരെയും സ്വാമിമാരെയും എന്തിനിങ്ങനെ പരീക്ഷിക്കുന്നു. അവര്‍ എങ്ങനെയെങ്കിലും ഭക്തകളുമായി രമിച്ചു കഴിഞ്ഞു കൂടുമ്പോളാണ് ഈ ക്യാമറമാന്‍മാരുടെയും സി പി എം കാരുടെയും പരാക്രമം. വാഴോടന്‍ പറഞ്ഞതുപോലെ അസൂയ തന്നെ. അല്ല പിന്നെ,. ഈ ഇന്ത്യ മഹാരജ്യത്തുനിന്നും പാഷാണത്തില്‍ ക്രിമികളായ എത്തരക്കെരെ തിരഞ്ഞു പിടിച്ചു പടിയടച്ചു പിണ്ഡം വെക്കേണ്ട കാലം കഴിഞ്ഞു. ഇതു ഷൂട്ട്‌ ചെയ്ത ക്യാമറമാനെ അറസ്റ്റു ചെയ്യുകയും കാമറ കണ്ടുകെട്ടുകയും ചെയ്യണമെന്നു മഹാരാജാവ് മാന്‍മോഹനോടും മഹാറാണി സോണിയയോടും അപേക്ഷിക്കുന്നു.

    മറുപടിഇല്ലാതാക്കൂ