EID..MUBAARAK... EID..MUBAARAKM . . . . . . . .ഈദ്‌ മുബാറക്ക്‌ ......ഈദ്‌ മുബാറക്ക്‌ . . EID..MUBAARAK.... EID..MUBAARAK...
രാഷ്ട്രീയം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
രാഷ്ട്രീയം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2010 ഏപ്രിൽ 26, തിങ്കളാഴ്‌ച

നൂലില്‍ ഞാന്നിറങ്ങിയ കോംപ്ലാന്‍ ബോയ്‌ ...!



ഇങ്ങനെയുള്ള കടുംകൈ ശത്രുക്കളോട് പോലും ചെയ്യാന്‍പാടില്ല.
ഐക്യരാഷ്രസഭയെന്ന ഒത്തിരി വലിയ സാമ്രാജ്യത്തില്‍ ഒരു സുല്‍ത്താനെ പോലെ വാണിരുന്ന ഒരു പാവം മനുഷ്യനെ നയിക്കണേ ...നയിക്കണേ എന്ന് പുറകേ നടന്ന് കെഞ്ചി , കാലുപിടിച്ച് , ഉന്തി തള്ളി കൂട്ടിക്കൊണ്ടു വന്ന്‍ ഈ പരുവത്തിലാക്കാന്‍ ഈ കോണ്‍ഗ്രസ്‌കാര്‍ക്കല്ലാണ്ട് മനസ്സാക്ഷിയെന്ന സാധനം അല്പമെങ്കിലും ബാക്കിയുള്ള ആരെക്കൊണ്ടെങ്കിലും സാധിക്കുമോ .? ആകാശനഭസ്സില്‍ നിന്നും ചക്ക വീഴുംപോലെ ഈ കൊച്ചു തിരുവോന്തരത്ത് നിപതിച്ച ആ തേജോരൂപിയെ കണ്ട അന്ന് തുടങ്ങി മൂത്തതും മൂക്കാത്തതുംമായ കോണ്‍ഗ്രസ്സ്‌കാര്‍ക്ക്‌ കുനുകുനുപ്പും കുന്നായ്മയും . തുടങ്ങിയില്ലേ എട്ടിലും പൊട്ടിലും കുരുക്കാത്ത ആരോപണങ്ങള്‍.നെഹ്രുവിയന്‍ ദര്‍ശനങ്ങളെ തള്ളിപറഞ്ഞവന്‍ , ഗാന്ധിയെ തെറിപറഞ്ഞവന്‍ ഇസ്രായേല്‍ അമേരിക്കന്‍ പക്ഷപാതി എന്ന് വേണ്ട എന്തെല്ലാം തരത്തിലുള്ള വേണ്ടാതീനങ്ങള്‍..! പക്ഷെ ഞങ്ങള്‍ തിരുവോന്തരത്ത്കാര്‍ നട്ടാല്‍ മുളക്കാത്ത അത്തരം നുണകളിലോന്നും വീണു പോയില്ല അത് അദ്ദേഹത്തിന്റെ മുജ്ജന്മ സുകൃതം ..!.ഞങ്ങള്‍ അദ്ദേഹത്തെ ജയിപ്പിച്ചു വിജയശ്രീലാളിതനാക്കി പ്രത്യേക വിമാനത്തില്‍ കയറ്റി ഇന്ദ്രപ്രസ്ഥത്തിലേക്കയച്ച് വിശ്വവിശ്രുതരായി.

ഇന്ത്യയില്‍ ജനസേവനം ചെയ്യുക എന്നത് എന്ത് കഠിനമായ പണിയാണെന്ന് നോക്കണേ ..? പഠിച്ച വിഷയം ചരിത്രമായിരുന്നിട്ടെന്ത്‌ കാര്യം . പഠിച്ചതിനപ്പുറത്താണ് ഇവിടത്തെ പൊതുപ്രവര്‍ത്തനമെന്ന് അന്നൊന്നും സ്വോപ്നത്തില്‍ പോലും നിനച്ചിരുന്നില്ല. ഇരുപത്തെട്ട് സംവത്സരങ്ങള്‍ നയതന്ത്രജ്ഞാനായി വിദേശത്ത് വിലസ്സിയപ്പോഴോന്നും പണ്ട് ചരിത്ര പുസ്തകത്തില്‍ വായിച്ചറിഞ്ഞതിനപ്പുറം ഇന്ത്യ എന്ന നാടുണ്ടെന്നും കോണ്‍ഗ്രസ്‌ എന്ന പാര്ട്ടിയുണ്ടെന്നും അവിടെ നമ്പര്‍ ടെന്‍ജനപഥില്‍ സോണിയമാഡമുണ്ടെന്നുമൊക്കെയുള്ള ഒരു സ്തൂല വിവരം പോലും ഉണ്ടാക്കാന്‍ വഹിയാതെ പോയി.

ഐക്യരാഷ്ട്രസഭയില്‍ കോഫിയണന്‍ ഇട്ടേച്ച് പോയ വിടവ് നികത്താന്‍, ഉള്ള ആറക്ക ശമ്പളവും കളഞ്ഞു ഇറങ്ങിത്തിരിച്ച്, ആ ബാന്‍കി മൂനിനോട് അടിയറവ്‌ പറഞ്ഞ്; വിഷണ്ണപരവശനായി; കുരങ്ങ് ചത്ത കാക്കാലനെ പോലെ നില്‍ക്കുമ്പോഴാണ് ഇവിടെ നിന്നൊരാള്‍ രണ്ട്കൈയുമാട്ടി വിളിക്കുന്നത്‌. പണ്ടിതുപോലൊരു വലിയ ഉദ്യോഗമൊക്കെ ഉപേക്ഷിപ്പിച്ച് നേരേ മന്ത്രിയും പ്രധാനമാന്ത്രിയുമൊക്കെയായി നൂലില്‍ കെട്ടി ഇറക്കിയ ആള്‍..! ആള്‍ നിര്‍ബന്ധിച്ച് വിളിച്ചാല്‍ വരാതിരിക്കാന്‍ പറ്റുമോ ? വന്നു. വന്നപ്പോഴല്ലേ അറിയുന്നത് ഈ ജനസേവനമെന്നത് അമേരിക്ക ഇറാന്‍ തര്‍ക്കങ്ങള്‍ പോലെ റഷ്യ ചെച്നിയ പ്രശ്നം പോലെ പിള്ളേര്‌ കളിയല്ലന്ന്‍.

എന്ത് ത്യാഗനിര്‍ഭരമായ ജീവിതമാണ് പിന്നീടിങ്ങോട്ട് നയിച്ചത്‌. കോട്ടും ബൂട്ടും സ്യൂട്ടും ഒക്കെയായി പൊടി സിംബളനായി കഴിഞ്ഞിരുന്നയാള്‍ പെട്ടെന്ന്‍ പുറം ചൊറിയുന്ന ഖദറുടുത്ത് ഇവിടത്തെ ചൂടിലും വെയിലിലും വിയര്‍പ്പൊഴുക്കി ജനസേവനം തുടങ്ങി . ഇവിടത്തെ കാറ്റും വെയിലും കൊണ്ട് വാടിപോകേണ്ടതാണ്. ഭാഗ്യത്തിനതുണ്ടായില്ല. എം.പി.യായി, കേന്ദ്രസഹമന്ത്രിയായി. വലിയ കേമനായി. അഴകുള്ള ചക്കയിലും ചുളയുണ്ടെന്നു തെളിയിച്ചു.

കാഴ്ചക്ക്‌ സുന്ദരനായിരിക്കുക, സുന്ദരമായി ആംഗലേയം മൊഴിയുക, അല്പസ്വോല്പം
സാഹിത്യം കരതലാമലകം പോലെ കൈമുതലായിരിക്കുക, ട്വിറ്റെര്‍ എന്ന സോഷ്യല്‍ നെറ്റ്വര്‍ക്കില്‍ അംഗമായിരിക്കുക എന്നിവയൊന്നും ഇന്നത്തെ കാലത്ത്‌ അത്ര വലിയ അപരാധങ്ങളൊന്നും അല്ല .പക്ഷെ ദസ്യുക്കള്‍ക്ക് അസൂയ ഉണ്ടാവാന്‍ ഇത്രയൊക്കെ സംഗതികള്‍ ധാരാളം . ആയുസ്സിന്റെ ഏറിയ പങ്കും മുഷിഞ്ഞ പരിക്കന്‍ ഖദറും വാരിചുറ്റി ജീവിതത്തില്‍ ഒന്നുമൊന്നും ആകാനാവാത്ത സാദാ നാലണ മെമ്പര്‍ മാര്‍ മുതല്‍ ജീവിത കാലം മുഴുവനും എം.പി.യും എം.എല്‍.എ.യും ഒക്കെയായി ഒന്ന് മന്ത്രിയാകാനാഗ്രഹിച്ചു നടക്കാതെ പോയവര്‍ വരെ എത്ര പേര്‍..? തുടങ്ങിയില്ലേ ഓരോരോ അപവാദ പ്രചരണങ്ങള്‍ !.എന്തെല്ലാം തരത്തിലുള്ള കഥകള്‍..! ...ഹോ !

വിവരവും സംസ്കാരവുമുള്ള അമേരിക്കക്കാരൊക്കെ ദേശീയഗാനമാലപിക്കുമ്പോള്‍ കൈയും കൂപ്പി ദീര്‍ഘനിശ്വാസവും ഉതിര്‍ത്ത് ചത്തുകുത്തിയത് മാതിരി നില്‍ക്കുകയല്ല .നെഞ്ചില്‍ കൈ ചേര്‍ത്ത്‌ വച്ച് അറ്റന്‍ഷനായാണ് നില്‍ക്കുക. ഞങ്ങളും അമേരിക്കകാരെ പോലെ സംസ്കാര സമ്പന്നരാകണമെന്ന് ഒന്ന് പറഞ്ഞ് പോയി. അതിന് എന്തൊക്കെയായിരുന്നു പുകില്...! കേസായി, വഴക്കായി, വാക്കാണമായി.

രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക്‌ മന്ത്രിമാര്‍ കുറച്ചുപേര്‍ ചെലവ് ചുരുക്കിയാല്‍ മതിയെന്ന് പറയുന്നത് ഏത് നൈതല നിയമമാണ് ? ജീവിതത്തിലിന്നേവരെ പഞ്ചനക്ഷത്ര ഹോട്ടലിലെ സുഖശീതളമായ അന്തരീക്ഷത്തില്‍ അന്തിയുറങ്ങി അവിടത്തെ ലഞ്ചും ഡിന്നറും ഷാംപയിനും മാത്രം കഴിച്ചു ശീലിച്ച ഒരാള്‍ ഒരു സുപ്രഭാതം മുതല്‍ സാദാ മന്ത്രിമന്ദിരത്തില്‍ പണ്ടാരമടങ്ങണം എന്ന് ശഠിക്കുന്നത് എന്ത് കാട്ട് നീതിയാണ്.ആന ചടച്ചെന്ന് വച്ച് കുടത്തിനകത്ത് കയറ്റാമോ..? ജിംനേഷ്യവും സിമ്മിംഗ്പൂളും മറ്റ് ആക്ടിവിക്ടികളും ഇല്ലെങ്കില്‍ എന്ത് ജീവിതം. ദിവസം വെറും നാല്‍പതിനായിരം രൂപ മാത്രം വാടകയുള്ള മൌര്യ ഷെരാട്ടോന്‍ ഹോട്ടല്‍ കൊണ്ട് തൃപ്തിപ്പെടാമെന്നു വച്ചിട്ട് അതിനുമുണ്ടാക്കിയില്ലേ പൊല്ലാപ്പ്‌.

കോണ്‍ഗ്രസ്‌ കാരെന്ന് പറയുന്നവര്‍ ലളിത ജീവിതത്തിന്റെ ഉപാസകരത്രേ...! സഞ്ചരിക്കുന്നത് വിദേശ നിര്‍മ്മിത ബെന്‍സ്‌ കാറിലായാലും തലയില്‍ ഗാന്ധിത്തൊപ്പി വേണം .ഇട്ട് നടക്കുന്ന ചെരുപ്പ്‌ കൈയിലെ റാഡോ വാച്ച് മുതല്‍ അടിവസ്ത്രങ്ങള്‍ വരെ വിദേശ നിര്‍മ്മിതവും വിലക്കൂടിയതും ആയാലും ധരിക്കുന്ന ഷര്‍ട്ടും മുണ്ടും നമ്മുടെ തൊഴിലാളികള്‍ ചര്‍ക്കയില്‍ നെയ്തെടുത്തത് തന്നെ വേണം . അതാണ്‌ അതിന്റെ ഒരു നാട്ടുനടപ്പ്‌. ഈ പാവം മനുഷ്യന് ഇമ്മാതിരിയുള്ള തോന്തരവുകളൊന്നും അത്രക്ക് വശമില്ലാതെ പോയി. ചെലവ്‌ ചുരുക്കാന്‍ വേണ്ടി കണ്ട ഏഴകളോടും അണ്ടഅടകൊടന്മാരോടുമൊക്കെയൊപ്പം എക്കണോമി ക്ലാസ്സില്‍ ഒരു മുന്‍ യു.എന്‍.അണ്ടര്‍ സെക്രെട്ടെറി യാത്ര ചെയ്യണം എന്ന് വാശി പിടിക്കുന്നത്‌ തന്നെ ശുദ്ധ അസംബന്ധമല്ലേ ? ആരായാലും ക്ഷമിക്കില്ല . “ വിശുദ്ധ പശുക്കളുടെ കന്നുകാലി ക്ലാസ്സ്‌ “ എന്ന് ഒന്ന് ഇണ്ടല്‍ കൊണ്ട് പോയി. ഉടനെ വന്നില്ലേ വൈതാളികന്മാര്‍..! അത് മാഡത്തെയും മകനെയും മാത്രം ഉദ്ദേശിച്ച് പറഞ്ഞതാണത്രെ ..! മാടത്തിന്റെ നല്ല ശമരിയക്കാരില്‍ ഒരാളായത്കൊണ്ട് അന്ന് തടി കേടാകാതെ രക്ഷപ്പെട്ടു .

തഥാഗഥമായി വികസിപ്പിച്ചെടുത്ത എന്തെല്ലാം എടാകൂടങ്ങളാണ് കള്ളപരിഷകളെല്ലാം ചേര്‍ന്ന് ഇവിടെ ഉണ്ടാക്കി തീര്‍ത്തത് ..! കണ്ട വാവിനും സംക്രാന്തിക്കും മാസ്സപ്പിറവിക്കുമാക്കെ അവധി കൊടുക്കുന്നതിന്റെ കൂട്ടത്തില്‍ മഹാത്മാവിന്റെ ജന്മ ദിനത്തിന് അവധി കൊടുക്കേണ്ടതില്ല എന്നുപറഞ്ഞാല്‍ പുകില്. വര്‍ഷങ്ങളായി ഇന്ത്യയും പാക്കിസ്ഥാനും മുഖത്തോട് മുഖം നോക്കിയിരുന്നു ചര്‍ച്ചിച്ച് ചര്‍ച്ചിച്ച് ഒരു വഹയാക്കിയ പ്രശ്നത്തിന് സൗദി മധ്യസ്ഥം വഹിക്കണം എന്ന പച്ചപരമാര്‍ത്ഥം നല്ല പുത്തി കൊണ്ട് ഒന്ന്‍ പറഞ്ഞു പോയാല്‍ അതിന് പുകില് . കടശ്ശിയായി കണ്‍ഠപാശമായ ഒന്ന് ഇപ്പോള്‍ ഇങ്ങനെയും .

ഉലകിലെ കലഹങ്ങളുടെ കാരണങ്ങളെല്ലാം കനകം കാമിനി എന്നിങ്ങനെയുള്ള രണ്ട് വലിയ വിഭാഗങ്ങളിലായി വ്യാപിച്ച് കിടക്കുന്നതായാണ് പണ്ടുള്ളവര്‍ തെര്യപ്പെടുത്തി വച്ചിരിക്കുന്നത്. ഇവിടെ ഇപ്പോള്‍ രണ്ടും സമാസമം വന്നിരിക്കുന്നു. വേണോ വേറെ പൂരം..!
സുനന്ദയെന്ന സ്വൊര്‍ണ്ണം പോലുള്ള കാശ്മീരി തരുണിയും ഐ.പി.എല്‍.എന്ന സ്വൊര്‍ണ്ണം വിളയുന്ന കളിയും. അസൂയക്കാര്‍ക്ക് ഉറക്കം നഷ്ടപ്പെടാന്‍ ഇനിയെന്ത്‌ വേണം ..?

രണ്ട് ഭര്‍ത്താക്കന്മാരെ ഉപേക്ഷിച്ച് മൂന്നാമതൊരാളെ തേടുന്ന ഒരു സ്ത്രീയോട് രണ്ട് ഭാര്യമാരെ ഉപേക്ഷിച്ചു മൂന്നാമതൊരു വേക്കന്‍സിയും ഒഴിച്ചിട്ടിരിക്കുന്ന ഒരാള്‍ക്ക്‌ സ്വോഭാവികമായും ഉണ്ടാകാവുന്ന അനുതാപം; അനുകമ്പ; അനുരാഗം എന്നീ വകുപ്പുകളില്പെടുത്താവുന്ന ഒരു വികാരം എന്നല്ലേ ഇതിനൊക്കെ വിശേഷിപ്പിക്കാന്‍ കഴിയൂ..? ഏത് കണശ്മഹൃദയര്‍ക്ക്‌ പോലും ഉണ്ടാകാനിടയുള്ള വികാരം. അതിന് ഇത്രത്തോളം കീചകനാടകങ്ങള്‍ അരങ്ങ് തകര്‍ക്കണമായിരുന്നോ..? കശ്മലന്മാര്‍...! രാഹുല്‍ജിക്ക് കൊളംബിയാക്കാരിയുടെ കരം കവര്‍ന്ന് ഉല്ലാസ്സ നൗകയില്‍ , കുമരകം കായലിന്റെ ഓളപ്പരപ്പിലൂടെ ഡൂയറ്റും പാടി നടക്കാം , ഒളിവിന്റെ മറവില്‍ ഉണ്ണിത്താന്‍ജിക്കും തിവാരിജിക്കും പരകായ പ്രവേശം നടത്താം ഒരു അമേരിക്കന്‍ നായര്‍ക്ക്‌ ഇതൊന്നും പാടില്ല..! ഇത് ഏത് കോത്താളത്തിലെ ന്യായം ...!

യവ്വനവും തടിമിടുക്കുമുള്ള കോടിക്കണക്കിന് സുന്ദരകളേബരന്മാര്‍ , വിത്തിനൊരു നാരീബന്ധം കൈമുതലായില്ലാതെ തെക്ക്‌വടക്ക്‌ നടക്കുമ്പോള്‍ പത്തറുന്നൂറ് പൂര്‍ണചന്ദ്രന്മാരെ കണ്ട്‌ മടുത്ത ഒരാള്‍ ഒരു കച്ചവാര്‍ക്കുഴലിയുടെ കരവും ഗ്രഹിച്ച് പാറിനടക്കുന്നു..! അസൂയ ഉണ്ടാവാന്‍ വേറെന്ത് വേണം ? ഗവേഷണങ്ങള്‍ നടക്കുന്നതല്ലാതെ അസൂയക്കും കുശുമ്പിനും ഇന്നേവരെ മരുന്നൊന്നും കണ്ട്‌ പിടിച്ചതായി അറിവില്ല. എന്താ ചെയ്യുക ...!

ദൈവത്തിന്റെ സ്വൊന്തം നാട്ടില്‍ മറ്റെല്ലാം മതിയാകോളം ഉണ്ടെങ്കിലും ഐ.പി.എല്‍.മാത്രം ഇല്ല. അതിന്റെ നാണക്കേട് നാണമുള്ളവര്‍ക്കല്ലേ മനസ്സിലാകൂ.? കേരളമെന്ന പേര്‍ കേട്ടാല്‍ ചോര തിളയ്ക്കുന്ന ആര്‍ക്കായാലും “നിദ്ര നിശയിങ്കല്‍ പോലും” ഇല്ലാതാകും. താരറാണിമാരും മദ്യരാജാക്കന്മാരും കള്ളപ്പണക്കാരും ചൂതാട്ടക്കാരും കൈയടക്കി വച്ചിരിക്കുന്ന സാമ്രാജ്യത്തില്‍ ചങ്കുറപ്പോടെ കയറിച്ചെന്ന് കഥമപി കേരളത്തിന്റെ പതാക നാട്ടാന്‍ ആണൊരാള്‍ മാത്രമേ ഉണ്ടായുള്ളു . അല്‍പസ്വോല്പം പൂഴികടകനൊക്കെ വേണ്ടി വന്നുവെന്നത് നേര്. ഫലപുഷ്കലമായി കാര്യങ്ങള്‍ നേടി.

എം.പി. മാരും കേന്ദ്രമന്ത്രിമാരും മറ്റ് ഗുണാണ്ടര്‍മാരുമായി ഇത്രയേറെപ്പേര്‍ മലയാളികളെന്നു പറഞ്ഞ് നടന്നിട്ട് ഒരാളെ കിട്ടിയോ കൂട്ടിന് ? പണമെറിഞ്ഞ് പങ്കാളികളാവാന്‍ ഒരുത്തനെ കിട്ടിയോ ? ലുബ്ധന്മാര്‍..! എല്ലാറ്റിനും തുണയായി നിന്നത് സുനന്ദ മാത്രം. പാവം എന്ത് മാത്രം വിയര്‍പ്പൊഴുക്കി അദ്ധ്വാനിച്ചു. അദ്ധ്വാനിക്കുന്നത് ആരായാലും പ്രതിഫലം കിട്ടണം ..വിയര്‍പ്പിന്റെ കൂലിയായി എണ്‍പത് കോടി കിട്ടി. ഷെയറായിട്ട്‌. തികച്ചും സ്വോഭാവികം. അതിനെന്തെല്ലാം പുകിലാ ഇവിടുണ്ടാക്കിയത്...! ഈ വയ്യാവേലിയൊന്നും വേണ്ട , പോട്ടെ പുല്ല് എന്ന് കരുതി ആ പണം വേണ്ടാന്ന് വച്ചു. എന്നിട്ടും തീര്‍ന്നോ...? എല്ലാം ഭാവി വധുവിന് വേണ്ടിയായിരുന്നുപോലും ...! നന്ദിയില്ലാത്ത വര്‍ഗ്ഗം...!

എല്ലാം സഹിക്കാം ഇത്തവണ നമ്പര്‍ ടെന്‍ ജനപഥിന്റെ വാതായനങ്ങളും കൊട്ടിയടച്ചുകളഞ്ഞു . അതിത്തിരി കട്ടിയായി പോയി. അതിലൂടെ ജനസേവനത്തിന്റെ വാതിലുകളല്ലേ കൊട്ടിയടച്ചത്. ഒറ്റാലില്‍ കിടന്നതും പോയി കിഴക്ക്‌ നിന്ന് വന്നതും പോയി. പോട്ടെ ഒരു ഉറക്കം കൊണ്ട് നേരം വെളുക്കില്ലല്ലോ.

കെ.പി.കേശവമേനോന്‍ മഹാനാണ് മഹാരഥനാണ് മാങ്ങാത്തൊലിയാണൊന്നൊക്കെ പറഞ്ഞിട്ടെന്ത് കാര്യം ? അദേഹം ജനിച്ചു വളര്‍ന്ന പാലക്കാട് ജില്ലയിലെ തരൂര്‍ എന്ന ഇത്തിരി പോന്ന നാടിന് ഇന്നീക്കാണുന്ന പ്രൌഢിയും പത്രാസ്സുമൊക്കെയുണ്ടാക്കി ലോകഭൂപടത്തില്‍ മതിയായ സ്ഥാനം നേടിത്തരാന്‍ ഈ പാവം ശശി തന്നെ വേണ്ടി വന്നു. ശശിതരൂര്‍ തന്നെ വേണ്ടി വന്നു. ആ ഒരു നന്ദി ..കടപ്പാട് മറ്റാര്‍ക്കും ഉണ്ടായില്ലെങ്കിലും മിനിമം തരൂര്‍ കാര്‍ക്കെങ്കിലും ഉണ്ടാവണം...ഉണ്ടായിരിക്കണം.
..............................................................................................................

പിന്മൊഴി

പാര്‍ട്ടി കേന്ദ്രനേതൃത്വത്തെ കൂടെ നിര്‍ത്താന്‍ നല്ല ഇംഗ്ലീഷ് വശമല്ലാതെ പോയതും വി.എസ്സിന് വിനയായി.
ഷാജഹാന്‍ ( മുന്‍ പൊളിറ്റിക്കല്‍ സെക്രെട്ടറി)

അതേ കാരണം കൊണ്ടാണല്ലോ ഷാജഹാന്മാര്‍ക്ക് ഇന്നീ കാണുന്ന പത്രാസ്സൊക്കെ ഉണ്ടായത്‌

2009 ഓഗസ്റ്റ് 24, തിങ്കളാഴ്‌ച

സ്വൊയം സേവകര്‍ക്ക് ഇനിമേല്‍ നിക്കര്‍ വേണ്ട ...!



രാഷ്ട്രീയ സ്വൊയം സേവകര്‍ ( R.S.S.) എന്ന് പറഞ്ഞാല്‍ പെട്ടെന്ന് നമ്മുടെ മനസ്സിലേക്കോടിയെത്തുന്ന ചിത്രമെന്താ ...?.....കാല്‍ മുട്ടില്‍ നിന്ന് ഏഴെട്ടു സെന്റീ മീറ്റര്‍ മുകളില്‍ വരെയെത്തുന്ന കാക്കി നിക്കര്‍ , രണ്ടു പോക്കറ്റുകളും കോണാകൃതിയിലുള്ള അടപ്പുകള്‍ വച്ച് ഭദ്രമാക്കിയ വെള്ള ഷര്‍ട്ട്‌ , പണ്ട് സീതി സാഹിബിന്റെ തലയില് വച്ചിരുന്നത് പോലുള്ള ‍കറുത്ത തൊപ്പി , നെറ്റിയിലൊരു നീളന്‍ കുങ്കുമ പൊട്ട്‌ , കാല്‍ ശരായി, ബൂട്സ് ഇത്യാതി ഭൂഷണങ്ങലോട് കൂടി , ഏതാണ്ട് ആറടിയോളം നീളം വരുന്ന ഒരു കുറുവടിയും തോളില്‍ ചുമന്നു നില്‍ക്കുന്ന ഒരു രൂപം .എന്നാല്‍ ഈ ചിത്രത്തിന് കൂടുതല്‍ അഴകും മിഴിവും നല്‍കുന്നത് ഇതില്‍ ആ വെള്ള ഷര്‍ടോ കറുത്ത തൊപ്പിയോ കുങ്കുമ പൊട്ടോ ഒന്നുമല്ല , ആ നിക്കര്‍ തന്നെയാണ് . ധാരാളം ഞോറികളുള്ള , ബെല്‍റ്റ്‌ ഘടിപ്പിക്കാന്‍ വീതിയുള്ള പട്ടകളുള്ള , ചെറിയൊരു വെള്ളപൊക്കത്തിലോന്നും നനയാത്ത തരത്തില്‍ സുരക്ഷിത മായ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ആ കാക്കി നിക്കര്‍ . അക്കാര്യത്തില്‍ അങ്ങ് ധര്‍മ്മടത്തോ , തലശേരിയിലോ ഉള്ള പാര്ടീ ഗ്രാമങ്ങളില്‍ നിന്നു വരുന്ന മാര്‍ക്സിസ്റ്റ്‌കാര്‍ക്ക് പോലും വലിയ തര്‍ക്കമുണ്ടാവാന്‍ വഴിയില്ല .

എന്താ ഈ നിക്കരിനെ പറ്റി ഇപ്പൊ ഇത്ര കിന്നാരം പറയാന്‍ , എന്നല്ലേ ചോദിക്കാന്‍ വരുന്നത് ? വരട്ടെ ചോദിക്കാന്‍ വരട്ടെ . കാരണമുണ്ട് ...തക്കതായ കാരണമുണ്ട് . കാരണം മറ്റൊന്നുമല്ല , എന്പത്തഞ്ചു വര്‍ഷത്തോളം -അതായത് ഈ നാട് രാമാരാജ്യ മാക്കാന്‍ വേണ്ടി ചെട്ടന്മാരെല്ലാവരും കൂടി ഈ സ്വൊയം സേവാ സംഘും രൂപീകരിച്ചു ഹിന്ദുത്വം എന്ന പോതിക്കാ തേങ്ങയുമായി ഇറങ്ങി തിരിച്ച അന്ന് മുതല്‍ പഴക്കമുള്ള അവരുടെ ആ കാക്കി നിക്കര്‍ ... .ആ നിക്കര്‍ അവര്‍ ഉപേഷിക്കുന്നു..!..അത്ര തന്നെ ...!

നൈനിത്താളില്‍ വച്ച് നടന്ന സമ്മേളനത്തിലാണ് - സമ്മേളനം എന്ന് പറഞ്ഞതില്‍ ക്ഷമിക്കണം "ബൈoക്ക് " . ങാ ..അതില്‍ വച്ച് അങ്ങനെ ഒരു കടുത്ത തീരുമാന മുണ്ടായതായാണ് ചില രഹസ്യ കേന്ദ്രങ്ങളില്‍ നിന്ന് കിട്ടിയിട്ടുള്ള അറിവ് . അതിനു മുമ്പ് മംഗലാപുരത്ത്‌ നടന്ന ശാരീരിക പരിശീലകന്‍ മാരുടെ ( പേര് കേട്ട് പേടിക്കണ്ട ..ഈ പിള്ളേരെ കബഡികളി പഠിപ്പിക്കുന്ന വിദ്വാന്‍ മാരാപ്പ ..! ) ബൈട്ടക്കില്‍ വച്ച് അവരുടെ ഒരു വലിയ കാര്യവാഹായ ഭയ്യാജി ജോഷി "കാലകരണ പെട്ടതെല്ലാം മാറ്റണം " എന്ന് സൂചിപ്പിച്ചിരുന്നു . എന്നാല്‍ അന്ന് കാലകരണ പെട്ടതെല്ലാം മാറ്റണമെന്ന ഭയ്യാജിയുടെ കര്‍പ്പൂരവാണി കേട്ടപ്പോള്‍ ‍ നാടിലെ ഒരുവിധപ്പെട്ട രാഷ്ട്രീയ നിരീഷണ കുതുകികളും മറ്റു മണ്ട് കൂഷ്മാണ്ടങ്ങളും കര്‍മ്മചന്ടാലന്മാരും കൊസ്രാകൊള്ളികളും മൊക്കെ എന്താ കരുതിയെ - ഇത് അദ്വാനി , സുധര്‍ശനന്‍ , മുരലീമാനോഹാര്‍ ജോഷി തുടങ്ങിയ R.S.S ലും B.J.P. ലും ഉള്ള പ്രായാധിക്യം വന്നു പുര നിറഞ്ഞു നില്‍ക്കുന്ന കാരണവന്‍ മാരെ ഒതുക്കാന്‍ ഉദ്ദേശിച്ചുള്ള ഒരാചാരവെടി എന്നല്ലേ . സംഗതി അതല്ലാന്നു ഇപ്പോ പിടികിട്ടിയില്ലേ !.

കര്‍ണ്ണന് കവചകുണ്ടാലങ്ങള്‍ പോലെ , ശ്രീ കൃഷ്ണന് സുദര്‍ശന ചക്രം പോലെ , അചുതാനന്തനു ആദര്‍ശം പോലെ, മന്‍മോഹന്‍ സിംഗ് ന് തലയില്‍ കെട്ടു പോലെ - സ്വോയം സേവകര്‍ക്ക് ചകചകായമാന അലന്കാരമായിരുന്ന ആ നിക്കര്‍ മാറ്റാന്‍ എന്താ പെട്ടെന്ന് ഒരു തീരുമാനം ?. പത്തു എന്പത്തഞ്ചു വര്‍ഷം നിരന്തരമായി ഉപഗിച്ചാല്‍ എന്ത് സാധനമായാലും ചീഞ്ഞു നാറും . എന്നാല്‍ ഇത് ഉപയോഗിച്ച് ഉപയോഗിച്ച് ചീഞ്ഞു നാറീട്ട് മാറ്റുന്നതാനെന്നു തെറ്റി ധരിക്കണ്ട . ഒരുവിധപ്പെട്ട നാറ്റത്തിലോന്നും വീണ് പോകുന്നവരല്ല നമ്മള്‍ സോയം സേവകര് . പിന്നെ എങ്ങുമെങ്ങും എത്താത്ത ഈ നിക്കറു മിട്ട് സന്ധ്യാ നേരത്ത് നടത്തുന്ന പാദഹസ്താസനം , വ്യാഘ്രാസനം, ശീര്‍ഷാസനം തുടങ്ങിയ ചേട്ടന്മാരുടെ ചില കിണ്ണന്‍ ആസനങ്ങള്‍ കണ്ടു പേടിച്ചു , അമ്പലങ്ങളിലെക്കുള്ള തരുണീമണികലുടെ നടവരവ് കുറഞ്ഞത് കൊണ്ടാണോ ? അതും അല്ല . അപ്പോള്‍ പിന്നെ എന്താ കാരണം ? കാരണം ... ഈ ആഗോളവല്‍ക്കരണം , ഉദാരവല്‍ക്കരണം തുടങ്ങിയ സംഗതികളില്ലേ ? അതുതന്നെ ...! ഈ ആഗോളവല്‍ക്കരണവും ഉദാരവല്‍ക്കരനവുംമൊക്കെ വന്നതിനു ശേഷം ഈ നാടങ്ങ്‌ മാറിപ്പോയില്ലായോ...!. ഇവിടെയുള്ള ചെറുപ്പക്കാരെല്ലാം അങ്ങ് പച്ച പരിഷ്കാരികലായില്ലായോ....! ഇപ്പോഴവര്‍ക്ക് പഴയതൊന്നും അത്രയ്ക്ക് പിടിക്കുന്നില്ല . നിക്കര്‍ പോയിട്ട് മുണ്ടും ഷര്‍ട്ടും ധരിച്ചു നടക്കുന്നത് പോലും അവര് ‍ എന്തോ വലിയ അപമാനം പോലെയല്ലേ ധരിച്ചു വശായിരിക്കണേ . ഈ അച്ചുതാനന്തന്‍ ഗ്രൂപ്കാരനല്ലാന്നു പറയുമ്പോഴുള്ള ഒരപമാനമില്ലേ ? അതുമാതിരി . എന്ത് ചെയ്യാം ഇതുങ്ങളെയൊക്കെ ശാഖ യില്‍ കൊണ്ടുവന്നു ആ പിത്തം കയറിയ ശരീരമൊക്കെ ഒന്ന് പുഷ്ടിപ്പെടുത്തിയെടുത്തില്ല എങ്കില്‍ ഇവിടെയെങ്ങനെ ഹിന്ദുരാഷ്ട്ര നിര്‍മ്മിതി സാധ്യമാകും ? അതിനു തല്‍ക്കാലം ‍ ആ നിക്കര്‍ മാറ്റുക തന്നെ ! അല്ലാതെന്താ ഇപ്പൊ ചെയ്കാ ?

ശ്ശെ... ഈ ചേട്ടന്‍ മാര്‍ നിക്കറില്ലാതെ നില്‍ക്കുന്നത് കാണാന്‍ ഒരു സുഖവും ഉണ്ടാവില്ല ! നിക്കര്‍ഉം മിട്ടു നില്‍ക്കുന്നത് കാണാനായിരുന്നു ഒരു ഉശിര് . ഒരു എരിവും പുളിയും . ലങ്കാ ദഹനവും കഴിഞ്ഞു സീതയേയും കണ്ടു സ്ലോമോഷനില്‍ വന്നിറങ്ങുന്ന ഹനുമാനെ കാണുമ്പോള്‍ ഉണ്ടാകുന്ന ഒരു ത്രില്ലില്ലേ അതുപോലൊരു ത്രില്ലാ നിക്കരുമിട്ടു നില്‍ക്കുന്ന ചേട്ടന്മാരെ കണ്ടാല്‍ . ഏത് കൊടി കെട്ടിയ മാര്‍ക്സിസ്റ്റ്‌ കാരനും ഒരു ഉള്‍ക്കിടിലമൊക്കെ ഉണ്ടാകുമായിരുന്നു നിക്കര്‍ ധാരികളായ സ്വോയം സേവകരെ കാണുമ്പോള്‍ ..

പണ്ട് നമ്മുടെ കേരളാ പോലീസിനും ഇതുപോലത്തെ നിക്കര്‍ ആയിരുന്നു .പഴയ സിനിമയിലോക്കെ കാണാറില്ലേ രണ്ടു കാലും മുന്നിലേക്ക് തള്ളി നില്‍ക്കുന്ന ഇറക്കം കുറഞ്ഞ നിക്കറും തലയില്‍ കിരീടം മാതിരിയുള്ള തൊപ്പിയും വച്ച് നില്‍ക്കുന്ന അന്നത്തെ പോലിസിനെ . ആലോചിക്കുമ്പോള്‍ തന്നെ ശരീരത്തില്‍ രോമങ്ങള്‍ എഴുന്നേറ്റ് നിന്ന് സല്യൂട്ട് ചെയ്യും . അത്രയ്ക്ക് ഉശിരന്‍ പോലീസ് . അതൊരു ഒന്നൊന്നര പോലീസ് തന്നെയായിരുന്നു !.. കാക്കി പാന്റും ഷര്‍ട്ടും ഇട്ടു നില്‍ക്കുന്ന ഇന്നത്തെ പോലീസിനെ എന്തിനു കൊള്ളാം ? തോപ്പിയോന്നു മില്ലാതെ റോഡിലിറങ്ങി നിന്നാല്‍ വല്ല ഓട്ടോറിക്ഷാ ഡ്രൈവറും ആണെന്നെ കാണുന്നവര്‍ക്ക് തോന്നൂ . അന്നൊക്കെ വികൃതി കുട്ടികളെ പേടിപ്പിക്കാന്‍ അമ്മമാര്‍ പറഞ്ഞിരുന്നത് "ദേ...പോലീസ് വരുന്നു .." എന്നാണു . ഇന്നാണെങ്കില്‍ അത് കേട്ട് ഏതെങ്കിലും ഒരു കുട്ടി പേടിക്കുമോ ? ആ വയലാര്‍ രവി ആഭ്യന്തര മന്തിയായിരുന്നപോഴല്ലേ പോലിസിനെ ഈ കോലത്തിലാക്കിയത് . ലളിതമായി പറഞ്ഞാല്‍ അത് പോലീസിനോട് കാട്ടിയ ഒത്തിരി വലിയ ഒരു ക്രൂരത തന്നെ ആയിപ്പോയി .

സ്വോയം സേവകര്‍ നിക്കര്‍ ഉപേക്ഷിക്കുന്നു എന്ന് കരുതി ഇനിമേല്‍ റോഡേ ഒന്നും ധരിക്കാതെ തേരാ പാരാ നടക്കും എന്നൊന്നും ആരും കരുതണ്ട , ഇനിമുതല്‍ അവര്‍ അടിപൊളി ട്രാക്ക് സ്യൂട്ടാ ധരിക്കാന്‍ പോകുന്നത് . നമ്മുടെ പി ടി ഉഷയും ഷയിനി വില്‍സണും മൊക്കെ ഇട്ടു നടക്കുന്നില്ലേ അതുപോലെ യുള്ള സാധനം . സംഗതി ഇപ്പൊ പ്രശ്നം അതല്ല , ഈ ട്രാക്ക് സ്വ്യൂട്ടും ധരിച്ചു നില്‍ക്കുന്ന ചേട്ടന്‍ മാരെ കാണാന്‍ പഴയ പവറൊന്നും കാണില്ല എന്നതാണ് . ട്രാക്ക് സ്യൂട്ടിട്ട് ബാറ്റും പിടിച്ചു നില്‍ക്കുന്ന സച്ചിന്‍ ടെന്‍ണ്ടുല്‍ക്കറെ കണ്ടാല്‍ ആര്‍ക്കെങ്കിലും പേടി തോന്നുമോ ? പിടിച്ചൊരു ഉമ്മ കൊടുക്കാനല്ലേ തോന്നുക .! അത് പോലയാ ഇനി ഈ സ്വോയം സേവകരുടെ കാര്യവും . ട്രാക്ക് സ്വ്യൂട്ടും ധരിച്ചു കുറുവടി അല്ല സാക്ഷാല്‍ AK 47 തന്നെ പിടിച്ചു നിന്നാലും ഇവരെ കണ്ടു ഒരു പട്ടി പോലും പേടിക്കില്ല

ഹൊ .. നമ്മള്‍ സ്വോപ്നം കണ്ട ആ രാമരാജ്യത്തിലും ഹിന്ദു രാഷ്ട്രത്തില് മൊക്കെ എത്തി ചേരാന്‍ ഇനിയും എന്തെല്ലാം കടമ്പകള്‍ കടക്കണം . പണ്ട് , പണ്ടെന്നു പറഞ്ഞാല്‍ 1925 ഇല്‍ - അതായത് നീല്‍ ആംസ്ട്രോങ്ങ്‌ ചന്ദ്രനില്‍ ഇറങ്ങുന്നതിനു കൃത്യം 44 വര്ഷം മുന്‍പ് നാഗ്പൂരില്‍ വിനായക ദാമോദര്‍ സവര്‍ക്കര്‍ എന്ന അക്കാലത്തെ ഒരു കൊടികെട്ടിയ ഇഞ്ചിനീയര്‍ വരച്ച പ്ലാന്‍ വച്ച് അന്നത്തെ രാജ്യത്തെ പ്രധാനപ്പെട്ട കൊല്ലന്മാരില്‍ ഒരാളായ കേസവ ബലിരാം ഹെഡ്‌ഗേവാര്‍ ഹിന്ദുത്വം എന്ന ഉലയിലിട്ടു ഊതി പഴുപ്പിച്ചു അടിച്ചു പരത്തി രൂപപ്പെടുത്തി എടുത്തതാണ് രാഷ്ട്രീയ സ്വോയം സേവ സംഘം എന്ന ഈ പുപ്പുലി പ്രസ്ഥാനം . ഹിന്ദുക്കളുടെ ഉള്ളില്‍ കൂര്‍ക്കം വലിച്ചു ഉറങ്ങിക്കിടക്കുന്ന വംശീയ ബോധം എന്ന സിംഹത്തെ നല്ല ചുള്ളി കമ്പിന് അടികൊടുത്തു ഉണര്‍ത്തി , ശത്രുക്കളെ നിലം പരിശാക്കി ഈ നാടൊരു സമ്പൂര്‍ണ ഹിന്ദു രാഷ്ട്രമാക്കുക . അതായിരുന്നു , RSS പിറന്നു വീഴുംപോഴെയുള്ള ലക്ഷ്യമത്രെ ..! ശത്രുക്കളെ അതിന്റെ മുറയ്ക്ക് തന്നെ രേഖപ്പെടുത്തിയും വച്ചു ‍ - മുസ്ലീങ്ങള്‍ ,കമ്മ്യൂണിസ്റ്റ്‌കള്‍ , ക്രിസ്ത്യാനികള്‍ . ‍അവരാണ് ഈ നാടിന്റെ ധര്‍മ സംസ്ഥാപനത്തിന് വിഘ്നം നില്‍ക്കുന്ന കാളികൂളികള്‍ . ചണ്ടിപണ്ടാരങ്ങള്‍. എന്ത് പറയാന്‍ ..ശത്രുക്കള്‍ ഇപ്പോഴും പന പോലെ മുന്നില്‍ നില്‍ക്കുന്നു. ലക്ഷ്യത്തിലെത്താന്‍ ഇനിയും വളരെ ഏറെ കാതം മുന്നോട്ട് പോകാനുണ്ട് . അതിനു ഈ നിക്കര്‍ പോര . ശാഖകളില്‍ അംഗസംഖ്യ കുറയുന്നു .നിക്കര്‍ ‍ ഉപേക്ഷിച്ചു പകരം സംവിധാനം ഉണ്ടാക്കണം .

ഏതാണ്ട് 84 വര്‍ഷത്തോളമായി സ്വോയം സേവകര്‍ നിക്കറിടുന്നു . ഈ കാലയളവിനുള്ളില്‍ ഗംഗയെത്ര കരകവിഞ്ഞ് ഒഴുകി .., പഞ്ചാബിലെ ഗോതമ്പ് പാടങ്ങളില്‍ എത്ര വട്ടം വിളവെടുത്തു , ഇംഗ്ലീഷ് കാര്‍ ഇന്ത്യവിട്ടു പോയി , നെഹ്രുവും ശാസ്ത്രിയും ഇന്ദിരയും എന്തിനു വാജ്പേയി വരെ പ്രധാനമന്ത്രിമാരായി , ഐശ്വര്യറായിയും സുസ്മിതാസെന്നും മൊക്കെ സുന്ദരിമാരായി . എന്നിട്ട് സ്വോയം സേവകര്‍ ഈ നാ ട്ടില്‍ എന്ത് കുന്ത്രാണ്ടമാണ് ചെയ്തു കൂട്ടിയത് എന്ന സംശയവും തലയിലിട്ടു പുകച്ചു കൊണ്ട് നടക്കുന്ന കുറച്ചു പേരുണ്ട് . കെടുമ്പ് കിണ്ടപ്പന്മാര്‍ ..! അവരോടിപ്പം എന്താ പറയുക . അവരോടിപ്പം ഒന്നും പറയാനില്ല ...അത്ര തന്നെ ..! ഈ രാജ്യത്ത്‌ പീഡിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ശിവാജി ,രാമന്‍ ,ശ്രീ കൃഷ്ണന്‍ തുടങ്ങിയ പാവങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്താന്‍ ഇക്കാലയളവില്‍ ഇവിടെ വേറെ ഏതെങ്കിലും രാഷ്ട്രീയ പാര്ടിക്കാര്‍ ഉണ്ടായിരുന്നോ ? അയോധ്യ , മധുര , കാശി , രാംശില , കര്‍സേവ ,രാമരാജ്യം , രാം മന്ദിര്‍ , ഗോമാതാവ് (പശു മാതാവെങ്കില്‍ അച്ഛനാരായിരിക്കും എന്ന സംശയത്തിന് ഇവിടെ പ്രസക്തിയില്ല ) ..അങ്ങനെ എന്തെല്ലാം ..,എന്തെല്ലാം . എല്ലാം മനസ്സിലാക്കനമെങ്കിലെ നിങ്ങളുടെ ഒക്കെ തലയില്‍ ആളുതാമാസം വേണം . അല്ല പിന്നെ ...!

ധര്‍മസംസ്ഥാപനത്തിന് വേണ്ടി സഹോദരന്‍ , മാതുലന്‍ തുടങ്ങി ആചാര്യന്‍മാര്‍ വരെ‍ ആരെയും കൊല്ലാം എന്ന് ശ്രീ കൃഷ്ണന്‍ തലയില്‍ കൈവച്ചു പറഞ്ഞിട്ടും ഉറക്കം തൂങ്ങിയിരുന്ന അര്‍ജുനനെ ഒന്ന് കുരുക്ഷേത്ര യുദ്ധത്തിനു ഉന്തി തള്ളി ഇറക്കാന്‍ ഭഗവാന് അവസാനം വിശ്വരൂപം തന്നെ കാട്ടേണ്ടി വന്നു .നമ്മുടെ സ്വോയം സേവകനായിരുന്ന ഗോഡ്സെജി , ഇതൊന്നും മില്ലാതെ തന്നെ ധര്‍മ്മസംസ്ഥാപനത്തിനായ്‌ പിതാവിനെ വരെ കൊല്ലാം എന്ന് , രാഷ്ട്രപിതാവിനെ കൊന്നു തെളിയിച്ച് കുര്‍ബാനായി . ഈ കാര്യപുടന്മാരെല്ലാം കിങ്കര്‍ത്തവ്യതാ മൂഢന്‍ മാരായി കണ്ണും തള്ളി നിന്ന് പോയില്ലേ അന്ന് , നമ്മുടെ ദേശസ്നേഹം കണ്ടു ! . ഭാരത ചരിത്രത്തിലെ വീര പുരുഷനായ അദേഹം സ്വോയം സേവകനല്ലയിരുന്നു എന്ന് വരുത്തി തീര്‍ക്കാനും ചില ശ്രെമങ്ങളൊക്കെ ഇവിടെ നടക്കുന്നുണ്ട് . അവരുടെ തലയില്‍ കയറാന്‍ വേണ്ടി നമ്മുടെ ശാഖകളില്‍ വര്‍ഷങ്ങളായി ആലപിക്കുന്നതും , നമ്മുടെ ഗോഡ്സെ ചേട്ടന്‍ മരിക്കുന്നതിനു മുന്‍പ് അവസാനമായി ചൊല്ലിയതുമായ നമ്മുടെ ആ വന്ദന മന്ത്രം ചൊല്ലിക്കൊണ്ടു ഈ അലക്ക് അവസാനിപ്പിക്കാം .
"നമസ്തേ സദാ ഹിന്ദു വല്ത്സലെ , മാതൃ ഭൂമേ ത്വോയാ ഹിന്ദു ഭൂമേ ....... "
പിന്‍ കുറിപ്പ് : മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രെട്ടറി രാജേന്ദ്രനെ തല്‍സ്ഥാനത്ത് നിന്ന് മാറ്റി --- വാര്‍ത്ത
ഹോ ..ആ പണിയൊരു പണി തന്നെയായിരുന്നു...! മൂന്നാറും വാളയാറും ആറുകളല്ലെന്നും . പിണറായിയും കാരാട്ടും സ്വൊന്തം പാര്‍ട്ടി കാര്‍ തന്നെ യാണെന്നും . വീരേന്ദ്രനും വീരപ്പനും വെവ്വേറെ തരം കള്ളന്‍ മാരാണെന്നും .കുളിക്കാത്തവരെല്ലാം കെ. ഇ. എന്‍ മാരല്ലെന്നും . തൊപ്പി വച്ചാല്‍ മാത്രം മദനിയാകില്ലെന്നും . മുഖ്യമന്ത്രിയാകുക എന്നത് മുഖ്യമന്ത്രിയല്ലാതാകുന്നത് പോലെ എളുപ്പമുള്ള ഏര്‍പ്പാടല്ലെന്നും മുള്ള നൂറു നൂറു കാര്യങ്ങള്‍ ധരിപ്പിചെടുക്കുക എന്നത് തന്നെ എത്ര കഠിനമായ പണിയായിരുന്നു ...!